ന്യൂഡൽഹി: തമിഴക വെട്രി കഴകം നേതാവും തമിഴ് നടനുമായ ജോസഫ് വിജയ്‌ക്ക് വൈ+ കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. മാർച്ച് ആദ്യവാരം വിജയ് തമിഴ്‌നാട്ടിലുടനീളമുള്ള തന്റെ രാഷ്‌ട്രീയ പര്യടനം ആരംഭിക്കുമെന്നു പറയപ്പെടുന്നു.
കഴിഞ്ഞ വർഷം ഫെബ്രുവരി 2 ന് നടൻ വിജയ് തമിഴക വെട്രി കഴകം എന്ന പേരിൽ പാർട്ടി ആരംഭിച്ചിരുന്നു. പാർട്ടി ഇപ്പോൾ രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് വിജയ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് ചർച്ച ചെയ്യാൻ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായി അടുത്തിടെ കൂടിക്കാഴ്ച നടത്തിയത് വാർത്തയായിരുന്നു. തമിഴക വെട്രി കഴകം പാർട്ടിയുടെ ജനറൽ ബോഡി യോഗം 26 ന് നടത്താൻ തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് , ജോസഫ് വിജയ്‌ക്ക് വൈ+ കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്. വിജയ്‌ക്ക് അനുവദിച്ചിരിക്കുന്ന വൈ+ കാറ്റഗറിയിൽ 8 മുതൽ 11 വരെ സിആർപിഎഫ് ഉദ്യോഗസ്ഥരും സായുധ ഗാർഡുകളും സുരക്ഷ ഒരുക്കും . തമിഴ്‌നാട്ടിനുള്ളിൽ മാത്രമേ വിജയ്‌ക്ക് വൈ+ കാറ്റഗറി സുരക്ഷ നൽകൂ എന്ന് റിപ്പോർറ്റുകൾ സൂചിപ്പിക്കുന്നു. ഇന്റലിജന്റ്‌സ് ബ്യൂറോ സർക്കാരിന് സമർപ്പിച്ച ഭീഷണി വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
വിജയ് യുടെ വരാനിരിക്കുന്ന യാത്രകളിൽ അദ്ദേഹത്തെ തല്ലണമെന്ന് ചില നെറ്റിസൺമാർ ട്വിറ്ററിൽ ട്രെൻഡ് ചെയ്തതിനെ തുടർന്നാണ് ഈ സുരക്ഷ ഒരുക്കിയിരിക്കുന്നത് എന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.















