ബെയ്ജിങ്: മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള പുതിയ ബാറ്റ് കൊറോണ വൈറസിനെ കണ്ടെത്തി ചൈനയിലെ ഗവേഷകർ. വവ്വാലുകളിൽ കാണപ്പെടുന്ന HKU5-CoV-2 എന്ന വൈറസിന് കോവിഡ് മഹാമാരിക്ക് കാരണമായ SARS CoV-2 വൈറസുമായി (SARS CoV-2) സാമ്യമുണ്ട്. കോവിഡ് ബാധിച്ചതുപോലെ തന്നെ മനുഷ്യകോശങ്ങളിലേക്ക് നുഴഞ്ഞുകയറാൻ ഈ വൈറസിനും കഴിയുമെന്ന് ഗവേഷകർ കണ്ടെത്തി.
സെൽ സയന്റിഫിക് ജേണലിലാണ് പുതിയ വൈറസിനെക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘ബാറ്റ് വുമൺ’ എന്നറിയപ്പെടുന്ന പ്രമുഖ ചൈനീസ് വൈറോളജിസ്റ്റ് ഷി ഷെങ്‌ലിയാണ് ഗ്വാങ്‌ഷോ ലബോറട്ടറിയിലെ പഠനത്തിന് നേതൃത്വം നൽകിയത്. ഗ്വാങ്‌ഷോ അക്കാദമി ഓഫ് സയൻസസിലെയും വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെയും ശാസ്ത്രജ്ഞരും ഗവേഷണ സംഘത്തിലുണ്ട്.
മെർബെക്കോവൈറസ് ഉപജാതിയിൽ പെടുന്ന ഒരു കൊറോണ വൈറസാണ് HKU5-CoV-2. മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോമിന് (MERS) കാരണമാകുന്ന വൈറസും ഇതിൽ ഉൾപ്പെടുന്നു. അതേസമയം 2019 നെ അപേക്ഷിച്ച് സമാനമായ SARS വൈറസുകൾക്കെതിരെ ജനങ്ങളിൽ വളരെയധികം പ്രതിരോധശേഷി ഉണ്ടായിട്ടുണ്ടെന്നും ഇത് മഹാമാരിക്കുള്ള സാധ്യത കുറയ്‌ക്കുമെന്നും മിനസോട്ട സർവകലാശാലയിലെ പകർച്ചവ്യാധി വിദഗ്ധനായ ഡോ. മൈക്കൽ ഓസ്റ്റർഹോം പ്രതികരിച്ചു.














