ദുബായ്: ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന ദിവസം ഇതാ എത്തിയിരിക്കുന്നു. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ചിരവൈരികളായ ഇന്ത്യയും – പാകിസ്താനും ഏറ്റുമുട്ടും. മത്സരത്തിന്റെ എല്ലാ ടിക്കറ്റുകളും മിനിറ്റുകൾക്കുള്ളിൽ വിറ്റുതീർന്നിരുന്നു.
25,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ദുബായിലെ സ്റ്റേഡിയം നിറയുമെന്ന് ഉറപ്പാണ്. ദുബായിൽ പ്രാദേശിക സമയം ഉച്ചയ്‌ക്ക് ഒരു മണിക്കാണ് മത്സരം തുടങ്ങുക. ബംഗ്ലാദേശിനെതിരെയുള്ള ആദ്യ മത്സരം ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. പാകിസ്താനാകട്ടെ ന്യൂസിലൻഡിനോടേറ്റ നാണംകെട്ട തോൽവിക്ക് ശേഷവും..
മത്സരത്തിന്റെ എല്ലാ ടിക്കറ്റുകളും വിൽപ്പനയ്‌ക്കെത്തി മിനിറ്റുകൾക്കുള്ളിൽ വിറ്റുതീർന്നിരുന്നു. മറ്റ് മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉയർന്ന തുകയ്‌ക്കായിരുന്നു ടിക്കറ്റ് വിൽപന. ടിക്കറ്റ് വാങ്ങിയവരിൽ ഭൂരിഭാഗവും ഇന്ത്യൻ ആരാധകരായതിനാൽ ഹോം ഗ്രൗണ്ടിൽ കളിക്കുന്നതിനു സമാനമാകും ഇന്ത്യക്ക് ലഭിക്കുന്ന പിന്തുണ.
പാക് മണ്ണിൽ ഇന്ത്യ കളിക്കാത്തതിനാൽ ‘ഹൈബ്രിഡ്’ മോഡലിലാണ് ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫി. ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങളെല്ലാം ദുബായിലാണ് നടക്കുന്നത്. ഒരു സെമിഫൈനൽ മത്സരവും, ഇന്ത്യ ഫൈനലിൽ പ്രവേശിച്ചാൽ ഫൈനലും ദുബായിലായിരിക്കും അരങ്ങേറുക.