വാഷിംഗ്ടൺ: യുക്രെയ്നുള്ള സൈനിക സഹായം നിർത്തലാക്കി അമേരിക്ക. യുക്രേനിയൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ നടത്തിയ കൂടിക്കാഴ്ചയ്‌ക്കിടെ സംഭവിച്ച വാക്കേറ്റത്തിന് പിന്നാലെയാണ് അമേരിക്കയുടെ തീരുമാനം. സൈനിക സഹായം നൽകുന്നത് നിർത്തലാക്കാൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന് ട്രംപ് നിർദേശം നൽകി. സഹായം ലഭിക്കാതാകുന്ന സാഹചര്യത്തിൽ റഷ്യയുമായി സമാധാന ചർച്ചകൾ നടത്താൻ കീവിന് മേൽ സമ്മർദ്ദമേറുമെന്ന് ഉറപ്പാണ്.
സഹായം പരിപൂർണമായി നിർത്തുകയല്ല, മറിച്ച് സഹായകൈമാറ്റത്തിന് അർദ്ധവിരാമമാണ് നൽകുന്നതെന്നും ഇത് താത്കാലികമാണെന്നും അമേരിക്ക വ്യക്തമാക്കി. യുക്രെയ്ന് വേണ്ടി കൈമാറുകയും എന്നാൽ യുക്രെയ്ൻ അതിർത്തി കടക്കാത്തതുമായ എല്ലാ യുഎസ് സൈനിക ഉപകരണങ്ങളുടെയും നീക്കം താത്കാലികമായി നിർത്താനാണ് അമേരിക്കയുടെ തീരുമാനമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു, നിലവിൽ പോളണ്ടിലെ ട്രാൻസിറ്റുകളിൽ വച്ചിരിക്കുന്ന ആയുധങ്ങളും വിമാനങ്ങളിലും കപ്പലുകളിലും കയറ്റുമതി ചെയ്ത സൈനിക ഉപകരണങ്ങളും യുക്രെയ്നിലേക്ക് എത്തുകയില്ലെന്ന് ചുരുക്കം.
സമാധാനശ്രമങ്ങൾക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അമേരിക്കയുടെ പങ്കാളികൾ ആ ലക്ഷ്യം കൈവരിക്കാൻ പ്രതിജ്ഞാബദ്ധരാകണമെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുള്ളതായി വൈറ്റ് ഹൗസ് അധികൃതർ അറിയിച്ചു. യുക്രെയ്നുള്ള അമേരിക്കൻ സഹായം താത്കാലികമായി നിർത്തി സാഹചര്യം അവലോകനം ചെയ്യുകയാണെന്നും ഈ നടപടി യുദ്ധത്തിന് പരിഹാരം കാണാൻ വഴിയൊരുക്കുമെന്ന് കരുതുന്നതായും വൈറ്റ് ഹൗസ് കൂട്ടിച്ചേർത്തു.
സെലെൻസ്‌കിയുടെ ധിക്കാരപരമായ നിലപാടിനെ സഹിച്ചു നിൽക്കില്ലെന്ന് തിങ്കളാഴ്ച ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. യുഎസ് നൽകിയ പിന്തുണയ്‌ക്ക് യുക്രെയ്ൻ പ്രസിഡന്റ് കൃതജ്ഞത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. മോസ്കോയുമായി വെടിനിർത്തൽ കരാർ ഒപ്പുവക്കുന്നതിൽ യുക്രെയ്ൻ പ്രസിഡന്റ് വിമുഖത കാണിച്ച പശ്ചാത്തലത്തിലായിരുന്നു ട്രംപിന്റെ വാക്കുകൾ. യുക്രെയ്ൻ-റഷ്യ യുദ്ധമാരംഭിച്ച് മൂന്ന് വർഷമാകുന്നതിനിടെ ബില്യൺ കണക്കിന് ഡോളറിന്റെ സഹായമാണ് യുക്രെയ്ന് വേണ്ടി അമേരിക്ക ഇതുവരെ നൽകിയിട്ടുള്ളത്.