തിരുവനന്തപുരം: കേരളത്തിലെ സംവരണ മണ്ഡലത്തിൽ നിന്നും തുടർച്ചയായി ജയിക്കുക എന്നത് എളുപ്പമായിരുന്നില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ഒരുപാട് വിമർശനങ്ങൾക്ക് താൻ വിധേയനായിട്ടുണ്ടെന്നും നിരവധി രാഷ്‌ട്രീയപരമായ ആക്രമണങ്ങളും പ്രതിസന്ധികളും താൻ നേരിട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ഗവർണർ പങ്കെടുത്ത ദളിത് പ്രോഗ്രസ് കോൺക്ലേവ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിയിൽ പ്രസംഗിച്ചുതുടങ്ങിയ കൊടിക്കുന്നിൽ സുരേഷ് എംപി ഏറെ വികാരാധീനനായാണ് സംസാരിച്ചത്. താൻ നിൽക്കുന്നത് വല്ലാത്തൊരു മാനസികാവസ്ഥയിലാണെന്നും കാരണം തുറന്നുപറഞ്ഞാൽ ഒരുപക്ഷെ വിവാദമായേക്കാമെന്നും ശത്രുക്കൾ കൂടിയേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് വിഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സന്നിഹിതരായ വേദിയിൽ വച്ചായിരുന്നു കൊടിക്കുന്നിൽ സുരേഷിന്റെ വാക്കുകൾ.















