കോട്ടയം: തിരുവാതുക്കലിലെ ദമ്പതികളുടെ കൊലപാതകവും വർഷങ്ങൾക്ക് മുമ്പ് നടന്ന മകന്റെ മരണവും തമ്മിലുള്ള ബന്ധം അന്വേഷിച്ച് പൊലീസ്. പ്രമുഖ വ്യവസായി വിജയകുമാറും ഭാര്യ മീരയുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ ഗൗതമിനെ 2017 ജൂൺ 3 നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാരിത്താസ് ആശുപത്രിക്ക് സമീപമുള്ള റെയിൽവേ ക്രോസിന് സമീപം നിർത്തിയിട്ട കാറിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
എഞ്ചിനിയറിംഗ് ബിരുദധാരിയായ അദ്ദേഹം തിരുവനന്തപുരത്ത് ഐടി സ്ഥാപനം നടത്തുകയായിരുന്നു. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. തുടർന്ന് കുടുംബം നടത്തിയ നിയമപോരാട്ടത്തിനോടുവിൽ കേസ് സിബിഐ ഏറ്റെടുത്തു. കഴിഞ്ഞ മാസം 21 നാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കൃത്യം ഒരുമാസത്തിന് ശേഷമുള്ള മാതാപിതാക്കളുടെ കൊലപാതകം നിരവധി സംശയങ്ങളാണ് ഉയർത്തുന്നത്. ഈ മരണങ്ങൾ തമ്മിൽ ബന്ധമുണ്ടോ എന്നാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കോട്ടയം നഗരത്തിലെ പ്രധാന ഓഡിറ്റോറിയമായ ഇന്ദ്രപ്രസ്ഥയുടെ ഉടമയാണ് മരിച്ച വിജയകുമാർ. ഇതിന് പുറമേ നിരവധി വ്യവസായ സംരംഭങ്ങളും അദ്ദേഹത്തിനുണ്ട്. ഇന്ന് രാവിലെ എട്ട് മണിയോടെ വീട്ടിൽ ജോലിക്കെത്തിയ സ്ത്രീയാണ് മൃതദേഹം ആദ്യം കണ്ടത്. വിജയകുമാറിന്റെ മൃതദേഹം ഹാളിലും മീരയുടെ മൃതദേഹം കിടപ്പുമുറിയുമാണ് ഉണ്ടായിരുന്നത്. ഇരുവരുടെയും മുഖം വികൃതമാക്കിയ നിലയിലാണ്. വീടിൽ നിന്നും കോടാലിയും അമ്മിക്കല്ലും കണ്ടെത്തിയിട്ടുണ്ട്. വീട്ടിലെ സിസിടിവി കേടാക്കിയ നിലയിലാണ്. രണ്ട് പട്ടികളാണ് വീട്ടിലുണ്ടായിരുന്നത്. ഇതിൽ ഒരെണ്ണം ചത്തനിലയിലാണ് . മറ്റൊരണ്ണത്തെ അവശനിലയിൽ കണ്ടെത്തിയിട്ടുണ്ട്. അതിനിടെ ഹോട്ടലിലെ മുൻ ജീവനക്കാരനായ അസം സ്വദേശിയെ കസ്റ്റഡിയിൽ എടുത്തെന്ന വിവരവും പുറത്ത് വരുന്നുണ്ട്.















