ന്യൂഡൽഹി: പാകിസ്താനിയായ ഭാര്യ മുഷാൽ ഹുസൈൻ മാലിക്കിനെ തലാഖ് ചൊല്ലാൻ തീരുമാനിച്ചതായി ജമ്മു കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്ക്. ഡൽഹിയിലെ തിഹാർ ജയിലിൽ കഴിയുന്ന മാലിക്ക് ജമ്മുവിലെ ടാഡ/പോട്ട (TADA/POTA) കോടതിയിൽ സമർപ്പിച്ച 25 പേജുള്ള സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
തനിക്കൊപ്പം ഇനി സാധാരണ ജീവിതം സാധ്യമല്ലാത്ത സാഹചര്യത്തിൽ ഭാര്യയെ വിവാഹബന്ധത്തിൽ നിന്ന് മോചിപ്പിക്കുകയാണ്. തനിക്ക് ലഭിച്ച കഠിനമായ ശിക്ഷയും ഭാവിയിലെ അനിശ്ചിതത്വങ്ങളും കാരണം മുഷാൽ ഒരു വിധവയെപ്പോലെ ജീവിതം തള്ളിനീക്കുന്നത് താൻ ആഗ്രഹിക്കുന്നില്ല. പുതിയ ജീവിതം ആരംഭിക്കാൻ ഭാര്യയ്‌ക്ക് അവസരം ലഭിക്കണം. തടവിലായതിന് ശേഷം കഴിഞ്ഞ എട്ട് വർഷമായി ഭാര്യയുടെ ശബ്ദം പോലും കേൾക്കാൻ സാധിച്ചിട്ടില്ലെന്നും ഫോൺ കോളിനോ വീഡിയോ കോളിനോ അനുമതിയില്ലെന്നും വിഘടനവാദി നേതാവ് പറയുന്നു.
അമ്മയ്‌ക്കും ഭാര്യയ്‌ക്കും 13 വയസ്സുള്ള മകൾ റസിയ സുൽത്താനയ്‌ക്കുമായാണ് യാസിർ മാലിക്കിന്റെ കത്ത്. അതേസമയം, പിതാവിന്റെ തീരുമാനത്തിനെതിരെ വൈകാരിക പ്രതികരണവുമായി മകൾ റസിയ സുൽത്താന രംഗത്തെത്തി. യാസിൻ മാലിക്ക് മാതാവുമായുള്ള വിവാഹബന്ധം വേർപെടുത്തിയാൽ താൻ ജീവനൊടുക്കുമെന്ന തരത്തിലുള്ള പ്രതികരണം ഉൾപ്പെടുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
2019ൽ ഭീകരവാദത്തിന് പണം സമാഹരിച്ച കേസിൽ അറസ്റ്റിലായ യാസിൻ മാലിക്കിന് 2022 മേയിൽ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. നിലവിൽ തിഹാർ ജയിലിൽ കഠിനതടവ് അനുഭവിക്കുകയാണ് മാലിക്ക്.















