അന്താരാഷ്‌ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ക്ലബ് ഫുട്ബോളിലും ലയണല്‍ മെസ്സി അധികകാലം തുടരാനിടയില്ലെന്ന ചര്‍ച്ചകള്‍ ശക്തമാകുന്നു. പിതാവ് ഹോര്‍ഹെ മെസ്സിയുടെ മരണത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ ഫുട്ബോള്‍ കരിയറിന്റെ അവസാനഘട്ടത്തെക്കുറിച്ച് സൂചന നല്‍കിയിരുന്നെങ്കിലും, അടുത്ത കോപ്പ അമേരിക്ക വരെ താരം കളിക്കളത്തില്‍ തുടരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി മെസ്സി വിരമിക്കല്‍ പ്രഖ്യാപിച്ചതോടെയാണ് താരത്തിന്റെ ക്ലബ് ഭാവിയും ചര്‍ച്ചയാകുന്നത്.
39കാരനായ മെസ്സിക്ക് നിലവിലെ ക്ലബ്ബായ ഇന്റര്‍ മയാമിയുമായി 2028 വരെ കരാറുണ്ട്. അടുത്തിടെയാണ് താരം കരാര്‍ പുതുക്കിയത്. ശമ്പളം, ബോണസ്, വാണിജ്യ വരുമാനം എന്നിവ ഉള്‍പ്പെടെ കരാര്‍ പ്രകാരം പ്രതിവര്‍ഷം ഏകദേശം 760 കോടി രൂപയോളം പ്രതിഫലം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെസ്സിയുടെ കരിയറിലും കളിക്കളത്തിന് പുറത്തുള്ള കാര്യങ്ങളിലും ഹോര്‍ഹെ മെസ്സിക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു. ഏജന്റായും മാനേജരായും പിതാവ് ഒപ്പമുണ്ടായിരുന്നതിനാല്‍ പല കാര്യങ്ങളുടെയും സമ്മര്‍ദം മെസ്സിയിലേക്ക് നേരിട്ട് എത്താതിരിക്കാന്‍ അത് സഹായിച്ചിരുന്നു.
എന്നാല്‍ പിതാവിന്റെ വിയോഗത്തോടെ ഇത്തരം കാര്യങ്ങളും മെസ്സിക്ക് തന്നെ കൈകാര്യം ചെയ്യേണ്ടിവരുന്ന സാഹചര്യമുണ്ടായി. പിതാവുമായി ഏറെ വൈകാരിക അടുപ്പം പുലര്‍ത്തിയിരുന്ന താരത്തെ അദ്ദേഹത്തിന്റെ മരണം മാനസികമായി ബാധിച്ചിട്ടുണ്ടാകാമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഫുട്ബോളില്‍ ഇനിയും തുടരേണ്ടതുണ്ടോ എന്ന ചിന്തയിലേക്ക് താരം എത്തിയതായും പിതാവിന്റെ മരണത്തിന് പിന്നാലെയുള്ള മെസ്സിയുടെ കുറിപ്പ് അത്തരമൊരു സൂചന നല്‍കിയതായും വിലയിരുത്തലുണ്ട്. വിരമിക്കല്‍ ചര്‍ച്ചകള്‍ക്കിടയിലും കളിക്കളത്തില്‍ മെസ്സി മികച്ച ഫോമിലാണ്. ഇന്റര്‍ മയാമിക്കായി അവസാന മത്സരത്തില്‍ ഹാട്രിക് ഉള്‍പ്പെടെ നാല് ഗോളുകളാണ് താരം നേടിയത്.
കരാര്‍ 2028 വരെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്റര്‍ മയാമിയില്‍ മെസ്സി തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ അന്താരാഷ്‌ട്ര ഫുട്ബോളില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ക്ലബ് കരാര്‍ മുഴുവന്‍ കാലാവധിയും പൂര്‍ത്തിയാക്കുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല. മെസ്സിയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് ഫുട്ബോള്‍ ലോകം.















