തിരുവനന്തപുരം: വിവാദ പരാമർശത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ പൂർണമായി തള്ളാതെ മുൻമന്ത്രി ഡോ. കെ.ടി. ജലീൽ. കാന്തപുരത്തിന് മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ടെന്നും അതിനെ എതിർക്കാൻ മറ്റുള്ളവർക്കും അവകാശമുണ്ടെന്നുമായിരുന്നു ജലീന്റെ പ്രതികരണം.
കാന്തപുരം നടത്തിയ പരാമർശം അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശമായി കാണാമെന്നും പ്രസ്താവന ശരിയോ തെറ്റോ എന്ന് സമൂഹം വിലയിരുത്തട്ടെയെന്നും ജലീൽ പറഞ്ഞു. ഇസ്ലാമിൽ പല ചിന്താധാരകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി ജലീൽ രംഗത്തെത്തി. മുസ്ലിം ലീഗ് പ്രതിപക്ഷത്തിരിക്കുമ്പോൾ മാത്രമാണ് സമുദായ സ്നേഹം കാണിക്കുന്നതെന്നും സമുദായ സ്നേഹം ഭരണത്തിലേക്കുള്ള ചവിട്ടുപടിയാക്കുകയാണ് ലീഗിന്റെ രീതിയെന്നും അദ്ദേഹം ആരോപിച്ചു.
ഭരണത്തിൽ എത്തിയശേഷം മുസ്ലിം ഏകോപന യോഗം പോലും ചേർന്നില്ലെന്നും ജലീൽ വിമർശിച്ചു. കാന്തപുരത്തിന്റെ പ്രസ്താവനയിൽ സമുദായത്തിന്റെ വോട്ട് വാങ്ങി വിജയിച്ച ഫാത്തിമ തഹിലിയ ഉൾപ്പെടെയുള്ളവർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മതം പറഞ്ഞ് വോട്ട് പിടിക്കുന്നവരാണ് മുസ്ലിം ലീഗ് നേതാക്കളെന്നും ജലീൽ ആരോപിച്ചു. കാന്തപുരത്തിന്റെ അഭിപ്രായത്തോട് ലീഗ് നേതാക്കൾ യോജിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.















