ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ സോഷ്യൽമീഡിയ വഴി വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നിർദേശം നൽകി കേന്ദ്രസർക്കാർ. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ നിരീക്ഷിക്കാൻ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും സർക്കാർ ആവശ്യപ്പെട്ടു. ദേശവിരുദ്ധ പ്രസ്താവനകളും തെറ്റായ പ്രചരണങ്ങളും നടത്തുന്നവരെ കണ്ടെത്തി ഉടൻ നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം നിർദേശിച്ചു.
ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയ മിസൈൽ ആക്രമണങ്ങൾ എന്ന രീതിയിൽ പാക് മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ച വ്യാജ ദൃശ്യങ്ങളുടെയും വാർത്തകളുടെയും പശ്ചാത്തലത്തിലാണിത്. ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷനെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും നടപടിയെടുക്കും. സോഷ്യൽമീഡിയ വഴി രാജ്യത്തിനകത്തോ പുറത്തോ എവിടെയായാലും ഇന്ത്യക്കെതിരെ തെറ്റായ പോസ്റ്റുകൾ കണ്ടെത്തിയാൽ ആ അക്കൗണ്ട് പൂട്ടിക്കാനാണ് നിർദേശം.
ഇന്ത്യൻ സൈന്യത്തിന്റെ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടുവെന്നും സൈനികരെ പിടികൂടിയെന്നും തരത്തിൽ ചില വാർത്തകൾ പ്രചരിച്ചിരുന്നു. ബഹാവൽപൂരിന് സമീപത്ത് പാക് സൈന്യം ഇന്ത്യയുടെ റാഫേൽ വിമാനം വെടിവച്ചുവെന്നായിരുന്നു വ്യാജവാർത്ത. ഇതിന് ചുവടുപിടിച്ച് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫും രംഗത്തെത്തി.
ഇന്ത്യൻ സൈനികരെ തടവിലാക്കി എന്നാണ് ഖ്വാജ ആസിഫ് ഉന്നയിച്ച അവകാശവാദം. എന്നാൽ ഇതിന്റെ തെളിവുകളോ മറ്റ് വിവരങ്ങളോ സംബന്ധിച്ച് യാതൊന്നും പാകിസ്താൻ പുറത്തുവിട്ടിട്ടില്ല.
അതേസമയം, ഏത് സാഹചര്യവും നേരിടുന്നതിനായി അതിർത്തികളിൽ വിന്യസിച്ചിരിക്കുന്ന സായുധ-അർദ്ധസൈനിക വിഭാഗങ്ങൾ തമ്മിലുള്ള ആശയവിനിമയം വർദ്ധിപ്പിക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.















