പാലക്കാട് : പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ A1 നേടിയ നവനീതയെ ഉന്നത വിജയത്തിൽ അഭിനന്ദിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾ വെട്ടിക്കൊലപ്പെടുത്തിയ ആർഎസ്എസ് പ്രവർത്തകൻ എ.ശ്രീനിവാസന്റെ മകളാണ് നവനീത
ഫോണിൽ വീഡിയോ കോൾ ചെയ്താണ് സുരേഷ് ഗോപി അഭിനന്ദനം അറിയിച്ചത്. പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷയിലാണ് നവനീത എല്ലാ വിഷയങ്ങളിലും A1 നേടിയത്
ഇനിയും നന്നായി പഠിക്കണം എന്നും ഭാവിയിൽ വലിയ ഉയരങ്ങളിൽ എത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു.
പാലക്കാട് കൊപ്പം ലയണ്‍സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. 2022 ഏപ്രില്‍ 16നാണ് മേലാമുറിയിലെ സ്വന്തം സ്ഥാപനത്തിലിരിക്കുകയായിരുന്ന ശ്രീനിവാസനെ മൂന്ന് ഇരുചക്രവാഹനങ്ങളിലെത്തിയ ആറംഗ പിഎഫ്ഐ ഭീകരര്‍ വെട്ടിക്കൊലപ്പെടുത്തിയത്. അച്ഛന്റെ ആഗ്രഹം സഫലമാക്കുകയെന്ന ലക്ഷ്യമാണ് തനിക്ക് മുന്നിലുള്ളതെന്നും അതിലൊന്ന് പൂര്‍ത്തിയായതില്‍ അതിയായ സന്തോഷമുണ്ടെന്നും നവനീത പറഞ്ഞു. ഡോക്ടറാവണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. ഇനി അതിനുള്ള തയാറെടുപ്പാണ്. മൂത്താന്തറ കണ്ണകി എച്ച്എസ്എസില്‍ ബയോളജി അധ്യാപികയായ അമ്മ ഗോപികയുടെയും, വീട്ടുകാരുടെയും പിന്തുണയാണ് തന്റെ വിജയത്തിന് കാരണമെന്ന് നവനീത പറഞ്ഞു.
കടുത്ത മാനസിക വിഷമത്തിലൂടെ കടന്നുപോയിരുന്ന സമയത്ത് തനിക്ക് പിന്തുണയുമായെത്തിയ എല്ലാവരോടും നന്ദിപറയുന്നു. പഠനത്തില്‍ മാത്രമല്ല, നൃത്തത്തിലും മിടുക്കിയാണ് നവനീത. ഭരതനാട്യത്തില്‍ നാലാംവര്‍ഷ ഡിപ്ലോമ ചെയ്തുകൊണ്ടിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. മാത്രമല്ല ഹിന്ദി പ്രചാരസഭയുടെ എട്ടാം ലെവലും ഇതിനകം പൂര്‍ത്തിയാക്കി. തഞ്ചാവൂര്‍ ഉള്‍പ്പെടെ വിവിധ വേദികളില്‍ നൃത്തം അവതരിപ്പിച്ചു. മൂത്താന്തറ ശിവാജി റോഡ് ദ്വാരകാനഗറിലാണ് താമസം. ലയണ്‍സ് സൂക്ളില്‍ തന്നെ ബയോളജി സയന്‍സിന് ചേരാനിരിക്കുകയാണ്. അതോടൊപ്പം തന്നെ നീറ്റ് പരീക്ഷക്കുള്ള പരിശീലനവും ആരംഭിച്ചതായി നവനീത പറഞ്ഞു.















