തിരുവനന്തപുരം : തലസ്ഥാനത്തെ തീരമേഖലയിൽ കടൽക്ഷോഭത്തിൽ സർക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ കേസെടുത്തു. കടൽക്ഷോഭം രൂക്ഷമായിട്ടും വകുപ്പുകളുടെ ഭാഗത്തുനിന്നും വേണ്ടത്ര ഇടപെടലുണ്ടാകാത്തതിലാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. വിഷയത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്തുനിന്നും വേണ്ടത്ര ഇടപെടലുണ്ടാകുന്നില്ലെന്ന പത്രറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസ്.
ജില്ലാ കളക്ടർ, തഹസിൽദാർ, സംസ്ഥാന ഫിഷറീസ് വകുപ്പ് മേധാവി, സിറ്റി പോലീസ് കമ്മീഷണർ എന്നിവർക്ക് കമ്മീഷൻ നോട്ടീസ് അയച്ചു. തീരദേശവാസികളുടെ സുരക്ഷയ്‌ക്കും സംരക്ഷണത്തിനുമായി സ്വീകരിച്ച നടപടികളെ സംബന്ധിച്ച വിശദമായ റിപ്പോർട്ട് പത്ത് ദിവസത്തിനകം സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദിന്റെ നിർദ്ദേശം.
തിരുവനന്തപുരം ജില്ലയിൽ ന്യൂനപക്ഷ ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന ബീമാപള്ളി, വെട്ടുകാട്, ചെറിയതുറ, വലിയതുറ, ശംഖുമുഖം, വേളി, കണ്ണാന്തുറ, കൊച്ചുതോപ്പ്, പൊഴിക്കര, ഭാഗങ്ങളിലാണ് വീടുകൾ അപകടാവസ്ഥയിലായിരിക്കുന്നത് എന്ന് കമ്മീഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
“ശക്തമായ പ്രകൃതിക്ഷോഭവും കടലാക്രമണവും തുടരുമ്പോഴും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും തക്കതായ നടപടികളുണ്ടാകുന്നില്ല. സഹായങ്ങൾക്കായി വില്ലേജ് ഓഫീസിലേക്കും മറ്റ് സർക്കാർ ഓഫീസുകളിലേക്കും ചെല്ലുന്നവരിൽ നിന്നും അപേക്ഷകൾ സ്വീകരിക്കുന്നില്ലെന്നും കടൽക്ഷോഭം രൂക്ഷമായിട്ടും ഫിഷറീസ് വകുപ്പ് അധികൃതരിൽ നിന്നും യാതൊരു ആശ്വാസ നടപടികളും ഉണ്ടായിട്ടില്ലെന്നുമുള്ള പരാതി വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് തീരദേശവാസികളുടെ സുരക്ഷയ്‌ക്കും സംരക്ഷണത്തിനുമായി സ്വീകരിച്ച നടപടികളെ സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഹാജരാക്കാൻ കമ്മീഷൻ ചെയർമാൻ ആവശ്യപ്പെട്ടിരിക്കുന്നത്”. പത്രക്കുറിപ്പിൽ പറയുന്നു.















