ന്യൂഡൽഹി: ഖത്തറിലെ യുഎസിന്റെ അൽ ഉദെയ്ദ് സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലേക്കുള്ള എല്ലാ വിമാന സർവീസുകളും എയർ ഇന്ത്യ റദ്ദാക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗൾഫ് രാജ്യങ്ങളിലേക്ക് വിമാനസർവീസുകൾ ഉണ്ടാകില്ലെന്ന് എയർഇന്ത്യ അറിയിച്ചു. വടക്കേ അമേരിക്കയുടെയും യൂറോപ്പിന്റെയും കിഴക്കൻ ഭാഗത്തേക്കുള്ള എല്ലാ സർവീസുകളും എയർഇന്ത്യ നിർത്തിവച്ചിരിക്കുകയാണ്.
അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട വിമാനങ്ങൾ തിരിച്ചുവിട്ടു. ചിലത് അടച്ച വ്യോമാതിർത്തികളിൽ നിന്നും വഴിതിരിച്ചുവിടുകയും ചെയ്തു. യുഎസ് സുരക്ഷാ ഉപദേഷ്ടാക്കളുമായി ചർച്ചകൾ നടത്തുകയും സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ചെയ്യുന്നതായാണ് വിവരം. കൊച്ചിയിൽ നിന്നുള്ള ഖത്തർ വിമാനങ്ങളിൽ ഒന്ന് എയർലൈൻ നേരത്തെ റദ്ദാക്കിയിരുന്നു. അപകടസാധ്യത കണക്കിലെടുത്താണ് റദ്ദാക്കിയത്.
സംഘാർഷാവസ്ഥയെ തുടർന്ന് മറ്റ് വിമാനക്കമ്പനികളും സർവീസുകൾ റദ്ദാക്കുകയോ വിമാനങ്ങൾ വഴിതിരിച്ച് വിടുകയോ ചെയ്തിട്ടുണ്ട്. ഇറാനിൽ യുഎസ് നടത്തിയ വ്യോമാക്രമണങ്ങൾക്ക് മറുപടിയായാണ് ഖത്തറിലെ യുഎസിന്റെ സൈനികകേന്ദ്രം ഇറാൻ ലക്ഷ്യമിട്ടത്.
ആറ് മിസൈലുകളാണ് യുഎസ് സൈനികതാവളങ്ങൾക്ക് നേരെ ഇറാനിയൻ സേന തൊടുത്തത്. ഖത്തർ വ്യോമപാത അടച്ചതിന് പിന്നാലെയായിരുന്നു ആക്രമണം. ‘ശക്തവും വിനാശകരവുമായ മിസൈലാക്രമണം നടത്തി’ എന്നാണ് ആക്രമണത്തിന് ശേഷം ഇറാൻ സേന വ്യക്തമാക്കിയത്.