തിരുവനന്തപുരം: നെയ്യാര്‍ റിസര്‍വോയറിന്‍റെ ഭാഗമായ ജലാശയത്തിൽ സുഹൃത്തുക്കളായ രണ്ടുപേര്‍ മുങ്ങിമരിച്ചു. കാട്ടാക്കട അഞ്ചുതെങ്ങുമൂട് സ്വദേശി ദുര്‍ഗ്ഗാദാസ്, അമ്പൂരി പൂച്ചമുക്ക് സ്വദേശി അര്‍ജുന്‍ എന്നിവരാണ് ദുരന്തത്തിനിരയായായത്. വ്യാഴാഴ്ച രാത്രി 10 മണിയോട് കൂടിയാണ് ഇരുവരെയും അമ്പൂരി പന്തപ്ലാമൂട് കടവില്‍ കാണാതായത്. വിവരമറിഞ്ഞ് നെയ്യാര്‍ഡാം പോലീസും ഫയര്‍ഫോഴ്‌സും പരിശോധന നടത്തിയിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം ലഭിച്ചത്.
വ്യാഴാഴ്ച രാത്രി എട്ടുമണിയോടുകൂടി നാല് യുവാക്കള്‍ ആനക്കുളം പരിസരത്ത് വന്ന് റിസര്‍വോയറിന് നടുക്കായി സ്ഥിതിചെയ്യുന്ന പാറയില്‍ ഇരിപ്പുണ്ടായിരുന്നുവെന്നാണ് സാക്ഷികൾ പറയുന്നത്. അതിൽ രണ്ട് യുവാക്കള്‍ ഒൻപത് മണിയോടുകൂടി സ്ഥലത്തുനിന്ന് പോയി എന്ന് പറയുന്നു. മറ്റു രണ്ടുപേർ ഇവിടെതന്നെ തുടർന്നു.
പിന്നീട് ഇവരേകാണാതായപ്പോൾ തിരിച്ചുവന്നു നോക്കിയപ്പോള്‍ ചെരിപ്പുകൾ മാത്രം കരയിൽ ഉണ്ടായിരുന്നു, രണ്ടുപേരെയും കാണാനില്ലായിരുന്നു. ഇരുവരും വെള്ളത്തില്‍ വീണിരിക്കാമെന്ന സംശയത്തില്‍ നാട്ടുകാരെയും പോലീസിനെയും അറിയിച്ചു. തുടര്‍ന്ന് പരിശോധന തുടങ്ങി. രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
നെയ്യാര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. മൃതദേഹങ്ങൾ പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ.















