കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വയനാട് ബത്തേരി സ്വദേശി രതീഷ് (45) ആണ് മരിച്ചത്. കഴിഞ്ഞ കുറച്ച് ദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു. ഇന്ന് പുലർച്ചയായിരുന്നു മരണം.
എവിടെ നിന്നാണ് രതീഷിന് രോഗം ബാധിച്ചതെന്ന് കണ്ടെത്താൻ ആരോഗ്യ വകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല. രണ്ടാഴ്ച മുൻപ് വീടിന് സമീപത്തുള്ള കുളത്തിൽ കുളിച്ചിരുന്നു എന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. നിലവിൽ 11 പേരാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. അഞ്ച് പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.
അപൂർവ്വ രോഗം എന്ന് വിശേഷിപ്പിക്കാവുന്ന അമീബിക് മസ്തിഷ്ക ജ്വരം ജീവനെടുക്കുമ്പോഴും ആരോഗ്യ വകുപ്പ് നോക്കുകുത്തിയായി തുടരുകയാണ്. എട്ട് ദിവസത്തിനിടെ മൂന്നാമത്തെ മരണമാണിത്. മൂന്ന് മാസം പ്രായമായ കുഞ്ഞും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇവരുടെ രോഗത്തിന്റെ ഉറവിടം കൃത്യമായ കണ്ടെത്താൻ ഇപ്പോഴും നടപടിയുണ്ടായിട്ടില്ല. രോഗം സ്ഥിരീകരിക്കുന്ന പ്രദേശത്തെ പൊതു ജലാശയങ്ങൾ അടിച്ചിടുക മാത്രമാണ് ആരോഗ്യ വകുപ്പ് ചെയ്യുന്ന പ്രതിരോധ പ്രവർത്തം. കഴിഞ്ഞയാഴ്ച സംസ്ഥാന വ്യാപകമായി ക്ലോറിനേഷൻ പ്രഖ്യാപിച്ചെങ്കിലും പേരിന് മാത്രമാണ് അതും നടന്നത്.















