വാഷിംഗ്ടൺ: തീവ്രവലതുപക്ഷ പ്രവര്‍ത്തകനും ട്രംപിന്റെ വിശ്വസ്തനുമായിരുന്ന ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തിന് പിന്നാലെ, തീവ്ര ഇടതുപക്ഷ ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനമായ ആന്റിഫയെ ((ANTIFA) യുഎസ് ഭീകരസംഘടനയായി പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയായ ട്രൂത്ത് സോഷ്യലിലാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇക്കാര്യം പ്രഖ്യപിച്ചത്. സംഘടനയുടെ ഫണ്ട് അടക്കമുള്ള കാര്യങ്ങൾ സമഗ്രമായി അന്വേഷിക്കുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ കൃത്യമായ സംഘടനാരൂപമില്ലാത്തതിനാൽ ആന്റിഫയ്‌ക്കെതിരായ നടപടി എത്രത്തോളം പ്രാവർത്തികമാകുമെന്ന് വ്യക്തമല്ല.
എന്താണ് ആന്റിഫ?
‘ആന്റി ഫാസിസ്റ്റ് ആക്ഷൻ’ എന്നതിന്റെ ചുരുക്കപ്പേരാണ് ആന്റിഫ. തീവ്ര ഇടതുപക്ഷ ചായ്‌വുള്ള ഭീകര ഗ്രൂപ്പുകളെ സൂചിപ്പിക്കുന്ന ഒരു പൊതു പദമാണിത്. അതിനാൽ തന്നെ ഇത് ഒറ്റ പ്രസ്ഥാനമല്ല. അമേരിക്കയിലും മറ്റ് ചില രാജ്യങ്ങളിലും ചിതറിക്കിടക്കുന്ന പ്രാദേശിക കൂട്ടായ്മയാണിത്.
2020ൽ മിനിപ്പോളിസിൽ ജോർജ് ഫ്ലോയ്ഡ് എന്ന കറുത്ത വർഗക്കാരനെ പൊലീസുകാർ കൊലപ്പെടുത്തിയതിന് പിന്നാലെ യുഎസിൽ വലിയ പ്രക്ഷോഭങ്ങൾ അരങ്ങേറിയിരുന്നു. ഈ സമയത്താണ് ആന്റിഫ എന്ന വാക്ക് കൂടുതലായും ലോകം ശ്രദ്ധിച്ച് തുടങ്ങിയത്. ട്രംപിന്റെ ആദ്യ ഭരണകാലത്താണ് ഈ സംഭവം നടന്നത്. അന്ന് തന്നെ സംഘടനയെ ഭീകരസംഘടനയായി പ്രഖ്യാപിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
1980 മുതൽ തന്നെ ആന്റിഫയ്‌ക്ക് യുഎസിൽ സാന്നിധ്യമുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. എന്നാൽ 2016 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിയായ ട്രംപിന്റെ രംഗപ്രവേശത്തോടെയാണ് പ്രത്യക്ഷമായ സമരപരിപാടികളിലൂടെ ആന്റിഫ വാർത്തകളിൽ ഇടം നേടുന്നത്.
1917-ലെ റഷ്യൻ വിപ്ലവത്തിന്റെ ചുവന്ന പതാകയും 19-ാം നൂറ്റാണ്ടിലെ അരാജകത്വവാദികളുടെ കറുത്ത പതാകയും സംയോജിപ്പിക്കുന്ന ചിഹ്നമാണ് ആന്റിഫ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നത്. പ്രതിഷേധങ്ങളിൽ കറുത്ത വസ്ത്രമണിഞ്ഞ് മുഖാവരണം ധരിച്ചാണ് ഇവർ പ്രത്യക്ഷപ്പെടുന്നത്. ഇടതുനിലപാടുറപ്പിക്കുന്ന പ്രതിഷേധങ്ങൾക്കൊപ്പം മുതലാളിത്ത വിരുദ്ധ നിലപാടും ഈ കൂട്ടായ്മയുടെ മുഖമുദ്രയാണ്. എൽജിബിടിക്യു എന്നറിയപ്പെടുന്ന വിവിധ സ്വവർഗ സമൂഹങ്ങളുടെയും മറ്റും അവകാശസമരങ്ങൾ ഏറ്റെടുത്തു മുന്നോട്ടുപോകുന്ന രീതിയാണ് ആന്റിഫയുടേത്. പ്രതിഷേധങ്ങൾ പ്രകടനങ്ങൾ കലാപത്തിലേക്ക് എത്തിക്കുന്നതാണ് ഇവരുടെ രീതി.















