ന്യൂഡൽഹി: ലഡാക്ക് കലാപത്തിന്റെ സൂത്രധാരൻ സോനം വാങ്ചുക് അറസ്റ്റിൽ. ഡിജിപി എസ്ഡി സിംഗ് ജാംവാളിന്റെ നേതൃത്വത്തിലുള്ള ലഡാക്ക് പോലീസ് സംഘമാണ് സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തത്. ദേശസുരക്ഷ നിയമപ്രകാരമാണ് അറസ്റ്റ്. അതേസമയം ലഡാക്കിൽ നിന്നെത്തിയ സംഘവുമായി ആഭ്യന്തരമന്ത്രാലയ പ്രതിനിധികൾ നാളെ ചർച്ച നടത്തും.
ലഡാക്കിലെ കലാപത്തിന് പ്രേരകമായത് സോനം വാങ്ചുകിന്റെ പ്രസംഗങ്ങളാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അക്രമ സംഭവങ്ങളിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അറസ്റ്റിന് പിന്നാലെ ലേയിൽ ഇന്റർനെറ്റ് സേവനങ്ങളും താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്.
സോനം വാങ്ചുകിനെതിരെ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. ഇയാളുടെ നിയന്ത്രണത്തിലുള്ള എൻജിഒകളുടെ വിദേശഫണ്ടിംഗ് ലൈസൻസ് ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു. ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്‌സ് ലഡാക്ക് (HIAL), സ്റ്റുഡന്റ്‌സ് എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്‌മെന്റ് ഓഫ് ലഡാക്ക് (SECMOL) എന്നിവയുടെ ലൈസൻസാണ് മരവിപ്പിച്ചത്.
ലഡാക്കിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ സോനം വാങ്‌ചുക്കിന്റെ പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. വാങ്ചുകിന്റെ “പ്രസ്താവനകൾ” ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചതായി വ്യക്തമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞു. വാങ്ചുകിന്റെ നിരാഹാരവും പ്രതിഷേധവുമാണ് കലാപത്തിന് കാരണമായത് . അദ്ദേഹത്തിന്റെ നിരാഹാരവും പ്രസംഗങ്ങളും ജനക്കൂട്ടത്തെ ഇളക്കിവിട്ടിരുന്നു. അറബ് വസന്തം, നേപ്പാൾ കലാപം എന്നിവ പോലെ ഇവിടെയും വേണം എന്ന തരത്തിലായിരുന്നു പ്രസംഗങ്ങൾ.
സെപ്റ്റംബർ 10 നാണ് സ്വയംഭരണം, സംസ്ഥാന പദവി, ലഡാക്കിനുള്ള ആറാം ഷെഡ്യൂൾ പദവി എന്നിവ ആവശ്യപ്പെട്ട് വാങ്ചുക് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.
വാങ്ചൂക്കിന്റെ വിദേശ ബന്ധവും അന്വേഷിക്കുന്നുണ്ട്. അടുത്തിടെ ഇയാൾ പാകിസ്ഥാൻ സന്ദർശിച്ചതായാണ് വിവരം. കൂടാതെ ബംഗ്ലാദേശ് സർക്കാരിന്റെ ഇടക്കാല തലവൻ മുഹമ്മദ് യൂനുസിന് ഒപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. നേപ്പാളിലും ബംഗ്ലാദേശിലും അടുത്തിടെ നടന്ന യുവ ജനപ്രക്ഷോഭ മോഡലാണ് ഇവർ ലക്ഷ്യമിട്ടത്.















