ന്യൂഡൽഹി: മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് വീണ്ടും കേന്ദ്രത്തിന്റെ സഹായം. 260 കോടി രൂപയുടെ സഹായധനമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അനുവദിച്ചത്.
കേരളമുൾപ്പടെ ഒൻപത് സംസ്ഥാനങ്ങൾക്ക് 4645.60 കോടി രൂപയുടെ ദുരിതാശ്വാസ സഹായം ആകെ അനുവദിച്ചിട്ടുണ്ട്.
ആഭ്യന്തര മന്ത്രി അമിത്ഷായുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സുപ്രധാന തീരുമാനമുണ്ടായത്. മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട് 526 കോടി രൂപ കേന്ദ്രം നേരത്തെ അനുവദിച്ചിരുന്നു. ഇതിന് പുറമേയാണ് 260 കോടി രൂപ.
അസം, കേരളം, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബിഹാർ, ഛത്തീസ്ഗഢ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് സഹായം. 2022ൽ ദുരന്തമുണ്ടായ അസമിന് 1270.788 കോടി രൂപയുടെ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തെ നഗരങ്ങളിലെ വെളളപ്പൊക്കം നിയന്ത്രിക്കുന്നതിന് 2444.42 കോടി രൂപയും കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. തലസ്ഥാന നഗരമായ തിരുവനന്തപുരവും ഇതിൽ ഉൾപ്പെടുന്നുണ്ട്.















