ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ. കാലിൽ ആണികയറിയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിയ വീട്ടമ്മയുടെ കാൽവിരലുകൾ മുറിച്ചുമാറ്റിയതായാണ് പരാതി. കുത്തിയതോട് സ്വദേശിയായ സീനത്തിന്റെ വിരലുകളാണ് മുറിച്ചത്. വീട്ടമ്മയുടെയോ കുടുംബത്തിന്റെയോ സമ്മതമില്ലാതെയായിരുന്നു നടപടി.
സംഭവത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയ്‌ക്കെതിരെ പരാതയുമായി സീനത്തിന്റെ കുടുംബം രംഗത്തെത്തി. ആശുപത്രി സൂപ്രണ്ടിനും ഡിഎംഒയ്‌ക്കും പരാതി നൽകിയിട്ടുണ്ട്.
സെപ്റ്റംബർ 29-നാണ് കാലിൽ ആണി കയറിയതിനെ തുടർന്ന് സീനത്ത് ആശുപത്രിയിൽ എത്തിയത്. തുടർന്ന് പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം ആഡ്മിറ്റാകാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. ഡ്രസ് ചെയ്യാനെന്ന് പറഞ്ഞാണ് മുറിയിലേക്ക് കൊണ്ടുപോയത്. എന്നാൽ തള്ളവിരലോട് ചേർന്നുള്ള രണ്ട് വിരലുകൾ മുറിച്ചുമാറ്റുകയായിരുന്നു. വിരൽ മുറിക്കുന്ന വിവരം സീനത്തോ കൂട്ടിരുപ്പുകാരോ അറിഞ്ഞിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.















