ചണ്ഡീഗഡ്: പ്രശസ്ത ബിസിനസുകാരനും മിറ്റ്സ് ഗ്രൂപ്പ് ഉടമയുമായ എം.കെ. ഭാട്ടിയ തന്റെ കമ്പനിയിലെ ജീവനക്കാർക്ക് എസ്‌യുവി കാറുകൾ സമ്മാനമായി നൽകി വീണ്ടും വാർത്തകളിൽ ഇടം നേടി.
ഫാർമസ്യൂട്ടിക്കൽ, കോസ്‌മെറ്റിക് നിർമ്മാണ കമ്പനിയായ മിറ്റ്സ് ഗ്രൂപ്പിന്റെ ഉടമയാണ് എം.കെ. ഭാട്ടിയ. ഇത്തവണ ദീപാവലിക്ക് അദ്ദേഹം തന്റെ ജീവനക്കാർക്ക് വ്യത്യസ്ത നിറങ്ങളിലുള്ള ടാറ്റ പഞ്ച് കാറുകൾ സമ്മാനിച്ചു. ഇതുവരെ, തന്റെ 51 ജീവനക്കാർക്ക് അദ്ദേഹം എസ്‌യുവി കാറുകൾ സമ്മാനിച്ചിട്ടുണ്ട്.
സംരംഭകനെന്ന നിലയിൽ സാമൂഹിക പ്രവർത്തകൻ എന്ന നിലയിലും അറിയപ്പെടുന്നയാണ് എം കെ ഭാട്ടിയ. ഹരിയാനയിലെ പഞ്ച്കുലയിലാണ് അദ്ദേഹത്തിന്റെ മിറ്റ്സ്കാർട്ട് എന്ന കമ്പനി. എല്ലാ ദീപാവലിക്കും തന്റെ ജീവനക്കാർക്ക് ആഡംബര സമ്മാനങ്ങൾ നൽകുന്ന ശീലമുണ്ട് അദ്ദേഹത്തിന് .
ഇത്തവണ കമ്പനി ജീവനക്കാരെ ഒരു കാർ ഷോറൂമിലേക്ക് കൊണ്ടുപോയി സർപ്രൈസായി പുതിയ കാറുകൾ സമ്മാനിക്കുകയായിരുന്നു . കാറുകൾ സ്വീകരിച്ച ജീവനക്കാർ പുതിയ കാറുകൾ ഷോറൂമിൽ നിന്ന് ഓഫീസിലേക്ക് ഘോഷയാത്രയായി കൊണ്ടുപോയി ആഘോഷിച്ചു.
“ജീവനക്കാർക്ക് കാറുകൾ നൽകി പ്രചാരണം നേടുക എന്നതല്ല ഞങ്ങളുടെ ലക്ഷ്യം, ജീവനക്കാർ ഞങ്ങളുടെ സ്ഥാപനത്തിന്റെ ജീവരക്തമാണ്. അവരുടെ കഠിനാധ്വാനം തിരിച്ചറിഞ്ഞ് അവരെ കൂടുതൽ പ്രചോദിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ജീവനക്കാർ സന്തുഷ്ടരാണെങ്കിൽ, അത് സ്ഥാപനത്തിന്റെ വളർച്ചയ്‌ക്ക് സഹായകമാകും,” ഭാട്ടിയ പറഞ്ഞു.
“എന്റെ ജീവനക്കാരാണ് എന്റെ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ നട്ടെല്ല്. അവരുടെ കഠിനാധ്വാനം, സത്യസന്ധത, സമർപ്പണം എന്നിവയാണ് ഞങ്ങളുടെ വിജയത്തിന്റെ അടിത്തറ. അവരുടെ പരിശ്രമങ്ങളെ തിരിച്ചറിയുകയും അവരെ പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് എന്റെ ഏക ലക്ഷ്യം – അവരെ പ്രചോദിപ്പിക്കുകയും അവരെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യുക എന്നതാണ് എന്റെ അഭിലാഷം. ടീം സന്തുഷ്ടരായിരിക്കുമ്പോൾ, “കമ്പനി സ്വാഭാവികമായും വളരുന്നു. ആധുനിക കോർപ്പറേറ്റ് സംസ്കാരത്തിലെ പ്രചോദനത്തിന്റെ മാനദണ്ഡമാണിത്,” ഭാട്ടിയ അഭിപ്രായപ്പെടുന്നു.















