തിരുവനന്തപുരം: ആസ്വാദക ഹൃദയങ്ങളെ ആനന്ദലഹിരിയിൽ ആറാടിക്കുന്ന നന്ദഗോവിന്ദം ഭജൻസിന്റെ പ്രത്യേക പരിപാടി ഇന്ന് അനന്തപുരിയിൽ. ജനംടിവി മ്യൂസിക് ഇന്ത്യയുടെ ഭാഗമായി കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൈകുന്നേരം 6.30-നാണ് ജനംടിവി ഒരുക്കുന്ന പ്രത്യേക പരിപാടി അരങ്ങേറുന്നത്.

സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ നന്ദഗോവിന്ദം ഭജൻസിന് ഇതാദ്യമായാണ് അനന്തപുരിയിൽ വേദിയൊരുങ്ങുന്നത്. ഗാനമാധുര്യം നിറഞ്ഞ സംഗീതസായാനമായിരിക്കും നന്ദഗോവിന്ദം ഭജൻസ് ഇന്ന് തലസ്ഥാനത്തിന് സമ്മാനിക്കുക. പാസ് വഴിയാണ് പ്രവേശനം അനുവദിക്കുന്നത്. ഇതിനോടകം തന്നെ ആയിരത്തോളം പാസുകളാണ് വിറ്റുപോയത്.
“മനോഹരി രാധേ രാധേ …” എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ കലാകാരന്മാരാണ് നന്ദംഗോവിന്ദം ഭജൻസ്. പുതുമയാർന്ന സംഗീതാവിഷ്കാരമാണ് നന്ദ ഗോവിന്ദം ഭജൻസിന്റെ മുഖമുദ്ര. സോഷ്യൽമീഡിയ നൽകിയ പ്രോത്സാഹനവും പിന്തുണയും ഇവർക്കുള്ള ജനപ്രീതി വർദ്ധിപ്പിച്ചു.















