മുംബൈ: മഹാരാഷ്‌ട്രയിലെ, പാൽഖർ ജില്ലയിലെ പാഞ്ചജന്യാ കലാ സാംസ്കാരിക സൊസൈറ്റിയുടെ രജതജൂബിലി ആഘോഷവും ഓണാഘോഷവും ഒരുമിച്ച് തെയ്തോം 2K25 എന്ന പേരിൽ ബോയ്‌സറിലെ ടിമാ ഓഡിറ്റോറിയത്തിൽ വച്ച് ഗംഭീരമായി നടന്നു. കഴിഞ്ഞ 26-ാം തീയതിയാണ് ആഘോഷപരിപാടികൾ അരങ്ങേറിയത്. ഓണസാദ്യയോടെ ആഘോഷം ആരംഭിച്ചു. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ പാൽഖർ ജില്ല ആദിവാസി ഏകതാ മിത്ര മണ്ഡൽ സ്ഥാപകനും ഇപ്പോഴത്തെ അധ്യക്ഷനും ആയ ശ്രീ. സന്തോഷ് ജെനാട്ടെ ആയിരുന്നു മുഖ്യ അതിഥി.
ബോയ്‌സർ പാൽഖർ മേഖലയിലുള്ള വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികൾ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. രജതജൂബിലി ആഘോഷത്തിന് ഓൺലൈൻ വഴി ആശംസകൾ അറിയിച്ച രാജ്യസഭാ എംപി ശ്രീ.സാദാനന്ദൻ മാസ്റ്റർ, മുൻ മിസോറം ഗവർണർ ശ്രീ. കുമ്മനം രാജാശേഖരൻ, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് അനിൽ വിളയിൽ, ശ്രീ. അനൂപ് ആന്റണി, ശ്രീ. കാഭാ സുരേന്ദ്രൻ, ശ്രീ. സന്ദീപ് വച്ചസ്പതി , ശ്രീ രാജേഷ് നാദാപുരം, ശ്രീ ഋഷിരാജ് സിംഗ് (മുൻ കേരളാ DGP). എന്നിവരുടെ ആശംസകൾ വലിയ സ്‌ക്രീനിൽ കാണിക്കുകയുണ്ടായി.
സമ്മേളനത്തിൽ മികച്ച വിജയം നേടിയ SSC, HSC വിദ്യാർഥികൾക്കും സ്പെഷ്യൽ അച്ചീവ്മെന്റ് നേടിയ കുട്ടികൾക്കും മാരത്തോൺ ഓട്ടത്തിൽ വിവിധ അവാർഡ് നേടിയ ശ്രീ. ജിനേഷ് പിള്ളൈക്കും മൊമെന്റോ നൽകി അനുമോദിച്ചു. കൂടാതെ മുമ്പ് നടന്ന പൂക്കളമത്സരം, രാമായണം എഴുത്തുപരീക്ഷ, രംങ്കോലിമത്സരം എന്നിവയുടെ ജേതാക്കൾക്കും സമ്മാനങ്ങൾ നൽകുകയുണ്ടായി. ശേഷം കുട്ടികളുടെയും മുതിർന്നവരുടെയും വർണാഭമായ വിവിധ കലാപരിപാടികളും നടന്നു. കലാപരിപാടികളിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങൾ നൽകി. ശേഷം രാത്രി ഭക്ഷണത്തോടെ ആഘോഷങ്ങൾ അവസാനിച്ചു.















