തിരുവനന്തപുരം: കേസുകളുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങൾ മാദ്ധ്യമങ്ങളുമായി പങ്കുവയ്‌ക്കരുതെന്ന കർശന നിർദേശവുമായി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. പ്രതികളുടെ കുറ്റസമ്മത മൊഴി മാദ്ധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തരുതെന്നും സർക്കുലറിൽ പറയുന്നു.
കുറ്റസമ്മതമൊഴിയും അന്വേഷണവിവരങ്ങളും മാദ്ധ്യമങ്ങൾക്ക് മുന്നിൽ പങ്കുവക്കുന്നത് വിചാരണയെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഹൈക്കോടതി ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് നടപടി. അടുത്തിടെ ഒരു കേസിൽ പ്രതി കുറ്റസമ്മതം നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങൾക്ക് മുന്നിൽ തുറന്നുപറഞ്ഞിരുന്നു. ഈ റിപ്പോർട്ടുകൾ ഹൈക്കോടതിയുടെ ശ്രദ്ധയിൽപെടുകയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കുലർ പുറത്തുവന്നത്.
ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘവും വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പങ്കുവച്ചിരുന്നു. ഇതും കോടതി വിലക്കിയിരുന്നു.















