ന്യൂഡൽഹി: ബംഗ്ലാദേശ് കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി ഷെയ്ഖ് ഹസീന. ധാക്കയിലെ അന്താരാഷ്‌ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ (ഐസിടി) വിധിച്ച വധശിക്ഷ പൂർണ്ണമായും പക്ഷപാതപരവും, രാഷ്‌ട്രീയ പ്രേരിതവും, നിയമവിരുദ്ധവുമാണെന്ന് ഷെയ്ഖ് ഹസീന പറഞ്ഞു.
ധാക്കയിലെ അന്താരാഷ്‌ട്ര കുറ്റകൃത്യ ട്രൈബ്യൂണലിനെ വ്യാജ കോടതി എന്നാണ് 78 കാരിയായ ഷെയ്ഖ് ഹസീന വിശേഷിപ്പിച്ചത്. കോടതി വിധി പുറത്തുവന്നതിന് പിന്നാലെ വാർത്ത മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വാക്കുകൾ. വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ മറവിൽ നടന്ന കലാപത്തിന് പിന്നാലെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയിരുന്നു.
” അന്താരാഷ്‌ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ എന്ന് പേര് മാത്രമേയുള്ളൂ. അതിന് അന്താരാഷ്‌ട്ര സ്വഭാവമില്ല. ഈ ട്രൈബ്യൂണൽ അവാമി ലീഗ് അംഗങ്ങളെ മാത്രമേ ലക്ഷ്യമിടുന്നുള്ളൂ, പ്രതിപക്ഷ അക്രമങ്ങളെ ന്യായീകരിക്കുകയാണ്. ലോകത്തിലെ ബഹുമാന്യരായ പ്രൊഫഷണലായ ഒരു നിയമ വിദഗ്‌ദ്ധനും ബംഗ്ലാദേശിൽ ഈ ഐസിടിയെ അംഗീകരിക്കില്ല . ബംഗ്ലാദേശിലെ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യുകയും അവാമി ലീഗിനെ രാഷ്‌ട്രീയമായി നശിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം” ഹസീന കൂട്ടിച്ചേർത്തു.
ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ മേധാവി മുഹമ്മദ് യൂനുസ് ഭരണഘടനാവിരുദ്ധമായി അധികാരം പിടിച്ചെടുക്കുകയും തീവ്രവാദ ശക്തികളെ പിന്തുണയ്‌ക്കുകയും ചെയ്തു എന്നും ഷെയ്ഖ് ഹസീന ആരോപിച്ചു. “തെളിവുകൾ നിഷ്പക്ഷമായി പരിശോധിക്കുന്ന അന്താരാഷ്‌ട്ര നീതിന്യായ കോടതിയിൽ കേസ് നേരിടാൻ തയ്യാറാണ്. കേസ് അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയിൽ (ഐസിസി) പോകുന്നത് തടയുകയാണ്, കാരണം അവിടെ ഞാൻ കുറ്റവിമുക്തയാകുമെന്ന് അവർക്കറിയാം”, ഹസീന പറഞ്ഞു.















