ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ നെഹ്റു കുടുംബം കൂടുതൽ കുരുക്കിലേക്ക്. കോൺഗ്രസ് നേതാക്കളായ സോണിയയ്‌ക്കും രാഹുലിനുമെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി. ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിൻറേതാണ് (ഇഒഡബ്ല്യു) നടപടി. പുതിയ കേസിൽ സോണിയ ഒന്നാം പ്രതിയും രാഹുൽ രണ്ടാം പ്രതിയുമാണ്.
2024 ജൂൺ 30-ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇഒഡബ്ല്യുവിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ ഫയൽ ചെയ്തത്. അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡും (എജെഎൽ) യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡും (യംഗ് ഇന്ത്യൻ) തമ്മിലുള്ള ഇടപാടുകളിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇഡി കണ്ടെത്തിയിരുന്നു.
രാഹുലിനും സോണിയയ്‌ക്കും പുറമേ ആറ് വ്യക്തിളും മൂന്ന് കമ്പനികളും പ്രതികളാണ്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മേധാവി സാം പിട്രോഡ, കോൺഗ്രസ് നേതാവ് സുമൻ ദുബെ എന്നിവരും പ്രതിപട്ടികയിലുണ്ട്. അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് (എജെഎൽ), യംഗ് ഇന്ത്യൻ, ഡോട്ടെക്സ് മെർച്ചൻഡൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് പ്രതിപട്ടികയിലുള്ള സ്ഥാപനങ്ങൾ.
ക്രിമിനൽ ഗൂഢാലോചന, സത്യസന്ധമല്ലാത്ത സ്വത്ത് ദുരുപയോഗം, ക്രിമിനൽ വിശ്വാസ ലംഘനം, വഞ്ചന എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
എന്താണ് നാഷണൽ ഹെറാൾഡ് കേസ്…
2012 ൽ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിക്ക് പിന്നാലെയാണ് തട്ടിപ്പ് പുറത്ത് വന്നത്. 2014 ജൂൺ 26 ന് ന്യൂഡൽഹിയിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് പട്യാല ഹൗസ് കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2021 ലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായിരുന്ന, കോടിക്കണക്കിന് രൂപയുടെ സ്വത്തുള്ള ദി അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ്-എജെഎൽ എന്ന കമ്പനിയെ സോണിയയുടെ നേതൃത്വത്തിലുള്ള യങ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി തട്ടിയെടുക്കുകയായിരുന്നു. 2000 കോടിയോളം വിലവരുന്ന സ്വത്തുവകകൾ തുച്ഛമായ വിലയ്‌ക്കാണ് സോണിയയും രാഹുലും ചേർന്ന് സ്വന്തമാക്കിയത്.
2008ൽ 90 കോടിയുടെ കടബാധ്യതയുമായി നാഷണൽ ഹെറാൾഡ് അടച്ചുപൂട്ടിയിരുന്നു. ബാധ്യത തീർക്കാൻ നാഷണൽ ഹെറാൾഡിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന് കോൺഗ്രസ് 90 കോടി രൂപ വായ്പ നൽകി. ഈ തുക തിരിച്ചടയ്‌ക്കാൻ എജെഎല്ലിന് കഴിഞ്ഞില്ല. 2010ൽ യുപിഎ സർക്കാരിന്റെ ഭരണകാലത്ത് സോണിയയും രാഹുലും ഡയറക്ടർമാരായി യങ് ഇന്ത്യ ലിമിറ്റഡ് രൂപീകരിച്ചു. ഇതോടെ കോൺഗ്രസ് നൽകിയ വായ്പ യങ് ഇന്ത്യയുടെ പേരിലേക്ക് മാറ്റി. യങ് ഇന്ത്യയ്‌ക്ക് പണം നൽകാനും എജെഎല്ലിന് കഴിഞ്ഞില്ല. ഇതോടെയാണ് കോടിക്കണക്കിന് രൂപയുടെ ആസ്തി യങ് ഇന്ത്യയ്‌ക്ക് സ്വന്തമാകുന്നത്. 2010ലാണ് കമ്പനിയുടെ കൈമാറ്റ ഇടപാടുകൾ നടന്നത്.
സോണിയ, രാഹുൽ , മോത്തിലാൽ വോറ, സാം പിത്രോദ, ഓസ്‌കാർ ഫെർണാണ്ടസ്, സുമൻ ദുബെ തുടങ്ങിയവരാണ് കേസിൽ പ്രതികൾ. കേസിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, പവൻ ബൻസാൽ തുടങ്ങിയ നേതാക്കളേയും ഇഡി ചോദ്യം ചെയ്തിരുന്നു.















