ന്യൂയോർക്ക്: പാക് വംശജൻ മാരകായുധങ്ങളുമായി ന്യൂയോർക്കിൽ അറസ്റ്റിൽ. അമേരിക്കയിലെ ഡെലവെയർ സർവകലാശാലയിലെ പൂർവ വിദ്യാർത്ഥിയായ ലുഖ് മാൻ എന്ന 25 കാരനാണ് അറസ്റ്റിലായത്. തോക്കുകൾ, വെടിമരുന്ന്, സ്ഫോടനം നടത്താനുള്ള പദ്ധതി വിശദീകരിക്കുന്ന ലഘുലേഖ, സർവകലാശാല ക്യാംപസിൽ സ്ഫോടനം നടത്താനുള്ള രൂപരേഖയും ലുഖ് മാന്റെ കാറിൽ നിന്ന് പിടിച്ചെടുത്തു.
ഡെലവെയർ സർവകലാശാല ക്യാമ്പസിൽ ആക്രമണം നടത്തി “എല്ലാവരെയും കൊല്ലാനും” “രക്തസാക്ഷിത്വം”വരിക്കാനുമായിരുന്നു പാക് യുവാവ് പദ്ധതിയിട്ടിരുന്നത്. ഇയാളുടെ വാഹനത്തിൽ നിന്നും തോക്കുകൾ, വെടിയുണ്ടകൾ, ബൈനോക്കുലറുകൾ, ലാപ്‌ടോപ്പ്, എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ലുഖ് മാന്റെ വീട്ടിൽ നിന്ന് റെഡ്-ഡോട്ട് സ്കോപ്പ് ഘടിപ്പിച്ച ഒരു റൈഫിളും രണ്ട് ഗ്ലോക്ക് പിസ്റ്റളും കണ്ടെത്തി.
ലുഖ് മാൻ പാകിസ്ഥാനിലാണ് ജനിച്ചതെങ്കിലും കുട്ടിക്കാലം മുതൽ അമേരിക്കയിലാണ് താമസിക്കുന്നതെന്നും അമേരിക്കൻ പൗരനാണെന്നും എഫ്ബിഐ വ്യക്തമാക്കി.















