കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി കെപിസിസി സാംസ്‌കാരിക സാഹിതി ജനറൽ സെക്രട്ടറി എം. എ ഷഹനാസ്. മഹിളാ കോൺഗ്രസിൽ അമ്മയുടെ പ്രായമുള്ളവർക്കുവരെ രാഹുലിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്നും, പരാതി പറഞ്ഞപ്പോൾ ഷാഫി പറമ്പിൽ എം പി മൗനം പാലിച്ചുവെന്നും എം. എ ഷഹനാസ് പറഞ്ഞു.
ഷാഫി പറമ്പിലിന്റെ മൗനം പരിഹാസമായി തോന്നിയെന്നും അവർ പറഞ്ഞു. താൻ പറഞ്ഞത് കള്ളമാണെന്ന് ഷാഫി പറഞ്ഞാൽ തെളിവ് പുറത്തുവിടുമെന്നും ഷഹനാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഷഹനാസിനെ കെപിസിസി സാംസ്‌കാരിക സാഹിതിയുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഗ്രൂപ്പിൽ നിന്നാണ് പുറത്താക്കിയത്. എന്നാൽ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുമെന്നും സ്ത്രീകൾക്ക് വേണ്ടി സംസാരിച്ചതിന്റെ പേരിൽ പദവി നഷ്ടപ്പെടുന്നതിൽ സന്തോഷമേയുള്ളൂവെന്നും ഷഹനാസ് പ്രതികരിച്ചു.















