എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്ക് പിന്നാലെ പ്രതികരിച്ച് താരസംഘടനയായ അമ്മ. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നും കോടതിയെ ബഹുമാനിക്കുന്നുവെന്നും അമ്മ ഫെയ്സ്ബുക്കിൽ കുറിച്ചു.
നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ ദിലീപിനെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ താരത്തെ അമ്മാ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു. ആദ്യ ഘട്ടത്തിൽ സംഘടന ദിലീപിനൊപ്പം നിന്നെങ്കിലും പിന്നീട് കൂടുതൽ ആരോപണങ്ങൾ ഉണ്ടാവുകയും അന്വേഷണം ശക്തമാവുകയും ചെയ്തതതോടെയാണ് അമ്മ നിലപാട് മാറ്റിയത്. അമ്മയുടെ പ്രസിഡന്റായി മോഹൻലാലിനെ തെരഞ്ഞെടുത്തതോടെ വീണ്ടും ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇത് വൻ വിവാദങ്ങൾക്ക് വഴിവച്ചു. തുടർന്ന് അമ്മയിലേക്ക് താൻ തിരിച്ചില്ലെന്ന് ദിലീപ് തന്നെ പ്രഖ്യാപിക്കുകയായിരുന്നു.
കോടതിവിധിക്ക് പിന്നാലെ നിരവധി ആളുകളാണ് ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയത്. കോടതി വിധി അംഗീകരിക്കുക എന്നല്ലാതെ അമിതാഹ്ലാദം കൊള്ളുകയോ പ്രതിഷേധിക്കുകയോ ചെയ്യുന്നത് നല്ലകാര്യമല്ലെന്നായിരുന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്റെ പ്രതികരണം.















