ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ഹൈന്ദവ സ്ത്രീയെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും ഭീകരർ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. കറാച്ചിയിലെ ഷേർഷയിലാണ് സംഭവം. ആയുധധാരികളായ മൂന്ന് പേരാണ് കാറിൽ യുവതിയെയും പെൺകുട്ടിയെയും തട്ടിക്കൊണ്ടുപോയത്.
ഇരുവരെയും മതപരിവർത്തനത്തിന് വിധേയരാക്കുമെന്ന ആശങ്കയിലാണ് ബന്ധുക്കൾ. ഹൈന്ദവ പെൺകുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തുന്നത് പതിവാണെന്ന് സിന്ധിലെ ഹിന്ദു സമൂഹത്തിന്റെ പൗരാവകാശ പ്രവർത്തകൻ പ്രതികരിച്ചു. തട്ടിക്കൊണ്ടുപോയി ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിപ്പിക്കുന്നു. പിന്നീട് പ്രായമുള്ള പുരുഷന്മാരെ കൊണ്ട് പെൺകുട്ടികളെ വിവാഹം കഴിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്ക് നേരെ വധഭീഷണി ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ വിവാഹിതയായ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ഭീകരർ ശ്രമിച്ചിരുന്നു. എന്നാൽ ആളുകൾ കൂടിയതോടെ തട്ടിക്കൊണ്ടുപോകൽശ്രമം ഉപേക്ഷിക്കുകയായിരുന്നു.















