തിരുവനന്തപുരം : ലൈംഗിക പീഡന ക്കേസിലെ അതിജീവിതയെ സൈബറിടത്തിൽ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ഒടുവിൽ ജാമ്യം ലഭിച്ചു. 16 ദിവസത്തെ റിമാൻഡിനു ശേഷമാണ് തിങ്കളാഴ്ച തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.
ജാമ്യാപേക്ഷയിൽ ഇന്ന് രാവിലെ വാദം പൂർത്തിയായിരുന്നു. തുടർന്ന് ഉച്ചയ്‌ക്ക് ശേഷമാണ് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധി വന്നത്.
സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല, മറ്റ് കേസുകളിൽ അകപ്പെടരുത് തുടങ്ങിയ ഉപാധികളോടെയാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത് .
രാഹുലിന്റെ ജാമ്യഹർജിയെ എതിർത്തുകൊണ്ട് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. രാഹുൽ അന്വേഷണത്തിന് സഹകരിക്കുന്നില്ലെന്നും രണ്ടു ദിവസത്തെ കസ്റ്റഡിവേണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ ഇത്രയും ദിവസത്തിന് ശേഷം എന്തിനാണ് വീണ്ടും കസ്റ്റഡിയെന്നു കോടതി ചോദിച്ചു . തുടർന്ന് ജാമ്യം അനുവദിക്കുകയായിരുന്നു.
പാലക്കാട് എംഎൽഎ രാഹുൽ മാങ്കുട്ടത്തിലിനെതിരെ ലൈഗിക പീഡന പരാതി നൽകിയ യുവതിയെ സൈബറിടത്തിൽ അധിക്ഷേപിച്ചതാണ് രാഹുൽ ഈശറിനെതിരെ ഉള്ള കേസ്. ഈ പരാതിയിൽ സൈബർ പൊലീസാണ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. പീഡനത്തിലെ ഇരയെ തിരിച്ചറിയാൻ സാധിക്കും വിധമുള്ള വിവരങ്ങൾ പങ്കുവെച്ചതിനാണ് നടപടി.ഈ കേസിൽ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരടക്കം 6 പ്രതികളാണുള്ളത്. സന്ദീപ് വാര്യരുടെ ജാമ്യഹർജി കോടതി നാളെ പരിഗണിക്കുന്നുണ്ട്.















