ഇസ്ലാമാബാദ്: തോഷഖാന അഴിമതി കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം തടവുശിക്ഷ വിധിച്ച് കോടതി. പാകിസ്ഥാനിലെ റാവൽപിണ്ടിയിലെ അതീവ സുരക്ഷാ ജയിലിൽ വെച്ചാണ് പ്രത്യേക കോടതി ജഡ്ജി ഷാരൂഖ് അർജുമന്ദാണ് കേസിൽ വിധി പ്രഖ്യാപിച്ചത്. ഇരുവരും ഒരു കോടി 64 ലക്ഷം വരെ പിഴയടയ്‌ക്കാനും കോടതി നിർദേശിച്ചു.
ഇമ്രാൻ ഖാനും ഭാര്യയും 2023 ഓഗസ്റ്റ് മുതൽ ജയിലിൽ കഴിയുകയാണ്. ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരിക്കെ സൗദി സർക്കാരിൽ നിന്ന് ലഭിച്ച ഔദ്യോഗിക സമ്മാനങ്ങളിൽ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടതാണ് തോഷഖാന കേസ്. വിലകൂടിയ വാച്ചുകൾ, വജ്ര, സ്വർണാഭരണ സെറ്റുകൾ എന്നിവയുൾപ്പെടെ വിലപിടിപ്പുള്ള നിരവധി വസ്തുക്കൾ ഇവർ മറിച്ചുവിറ്റുവെന്നാണ് ആരോപണം. 2024 ജൂലൈയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ക്രിമിനൽ, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 10 വർഷം കഠിന തടവും അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ഏഴ് വർഷം തടവുമാണ് വിധിച്ചിരിക്കുന്നത്. കേസിൽ 21 സാക്ഷികളാണ് കോടതിയിൽ ഹാജരായത്.















