പാലക്കാട്: വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. മാസങ്ങളോളം മലയോര മേഖലയെ ഭീതിയിലാഴ്‌ത്തിയ പുലിയാണ് കുടുങ്ങിയത്.
തച്ചമ്പാറ പഞ്ചായത്തിലെ മുതുകുറുശി വാക്കോടനിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ ശനി രാത്രി പത്തോടെയാണ് പുലി കുടുങ്ങിയത്. വനമേഖലയോടു ചേർന്നു കൊട്ടാരം ജോർജിന്റെ തോട്ടത്തിലാണ് കൂട് സ്ഥാപിച്ചത്.
ടാപ്പിങ് തൊഴിലാളികൾക്കുമുന്നിലേക്ക് പുലി ചാടിവീണതിനെത്തുടർന്ന് ആഴ്‌ചകൾക്കുമുമ്പാണ് വാക്കോടൻ ഭാഗത്തെ റബർ തോട്ടത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും ആർആർടിയുംചേർന്ന് പുലിക്കൂട് സ്ഥാപിച്ചത്. ഏതാനും ദിവസങ്ങൾക്കു മുൻപു ജോഷു മുത്തനാട്ടിന്റെ ആടിനെ പുലി പിടികൂടിയിരുന്നു. ഇതിന് ഏതാനും ആഴ്ചകൾക്കു മുൻപു വാക്കോടൻ കുണ്ടാമ്പിൽ അംബികയുടെ വീട്ടിൽ നിന്നു വളർത്തുമൃഗത്തെ വീടിന്റെ വരാന്തയിൽ നിന്നു പുലി പിടിക്കുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിരുന്നു.
വാക്കോടൻ, ചുള്ളിപ്പറ്റ, നിരവ്, ചെന്തണ്ട് ഭാഗങ്ങളിൽ പുലി, കടുവ എന്നിവയുടെ സാന്നിധ്യമുണ്ടെന്നു നാട്ടുകാർ പരാതിപ്പെട്ടിരുന്നു.മണ്ണാർക്കാട് ഡിഎഫ്ഒയ്‌ക്കു പരാതിനൽകുകയും ചെയ്തിരുന്നു. നായയെയാണ് കൂട്ടിൽ വനം വകുപ്പ് ഇരയായി കെട്ടിയിരുന്നത്. രാത്രിയോടെ വനം അധികൃതർ സ്ഥലത്തെത്തി തുടർന്ന് പുലിയെ ഉൾക്കാട്ടിൽ തുറന്നു വിട്ടു. ഇന്ന് പുലർച്ചെയാണ് ശിരുവാണി കേരളമേട് കാട്ടിൽ തുറന്ന് വിട്ടത്.















