കോഴിക്കോട്: താമരശ്ശേരിയിൽ എട്ടുമാസം ഗർഭിണിയായ യുവതിയെ ആൺസുഹൃത്ത് ക്രൂരമായി ഉപദ്രവിച്ചു. കോടഞ്ചേരി പെരുവയൽ സ്വദേശി ഷഹദ് റഹ്മാൻ ആണ് യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിക്കുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്തത്.
ഒരു വർഷമായി ഇരുവരും ഒന്നിച്ചാണ് താമസിക്കുന്നത്. മയക്കുമരുന്നിനും മദ്യത്തിനും അടിമയായ ഇയാൾ സംശയത്തെ തുടർന്നാണ് അക്രമം നടത്തിയത്. നാലു ദിവസമായി മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്ന് യുവതി പറഞ്ഞു.
യുവാവ് പുറത്തുപോയ സമയത്ത് യുവതി ഓടി രക്ഷപ്പെട്ട് അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. നിലവിൽ യുവതി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അയൽവാസികളാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.















