തിരുവല്ല : രാഷ്ട്രീയ വനവാസം അവസാനിപ്പിച്ച് പ്രൊ.പി.ജെ കുര്യന് കളത്തിലിറങ്ങുന്നതായി സൂചന. വരുന്ന തെരഞ്ഞെടുപ്പിൽ യു ഡി എഫ് ജയിക്കുന്ന സാഹചര്യം ഉണ്ടായാൽ രമേശ് ചെന്നിത്തല – വി ഡി സതീശൻ – കെ സി വേണുഗോപാൽ പോരാട്ടത്തിനിടയിൽ സമവായ സ്ഥാനാർഥിയായി പരിഗണിക്കപ്പെടുമെന്ന നിഗമനത്തിലാണ് പ്രൊ.പി.ജെ കുര്യന് കളത്തിലിറങ്ങുന്നത്. അതിനായി തിരുവല്ലയിലാണ് കുര്യന്റെ കണ്ണ്.
ഇത് കൂടി പരിഗണിച്ചു കൊണ്ടാണ് മാധ്യമ ശ്രദ്ധയാകർഷിക്കുവാൻ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതിക്ക് സീറ്റ് നൽകരുത് എന്നൊക്കെയുള്ള പ്രസ്താവനകൾ പി ജെ കുര്യൻ നടത്തിയത്. പിന്നീട് രാഹുൽ മാങ്കൂട്ടത്തിൽ പി ജെ കുര്യനുമായി രഹസ്യമായി ആശയ വിനിമയം നടത്തിയതിനെ തുടർന്ന് പി ജെ കുര്യൻ മലക്കം മറിയുകയായിരുന്നു.
നിലവില്‍ പി.ജെ കുര്യൻ മാത്രമാണ് തിരുവല്ല സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യമായി മുന്നിട്ടിറങ്ങിയിട്ടുള്ളത്. രമേശ് ചെന്നിത്തലയുടെ രഹസ്യ പിന്തുണ പി ജെ കുര്യനുണ്ടെന്നു വിശ്വസിക്കപ്പെടുന്നു.
യു.ഡി.എഫിൽ ഘടക കക്ഷിയായ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് നല്‍കിയിട്ടുള്ള മണ്ഡലമാണ് തിരുവല്ല. ഇത് റാന്നിയുമായി വെച്ചുമാറി തിരുവല്ലയില്‍ മത്സരിക്കുവാനാണ് പി.ജെ കുര്യന് തയ്യാറെടുക്കുന്നത്. ഇതിനുള്ള ചരടുവലികള്‍ രഹസ്യമായി തുടങ്ങിക്കഴിഞ്ഞതായിട്ടാണ് വിവരം.
തിരുവല്ലയില്‍ പി.ജെ. കുര്യന് മത്സരരംഗത്ത് ഉണ്ടായാല്‍ സൂര്യനെല്ലി കേസുകള്‍ പ്രതിപക്ഷം ആയുധമാക്കും എന്നത് ഉറപ്പാണ് . രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പെൺവേട്ട കഥകൾക്കും കേസുകൾക്കും പിന്നാലെ സൂര്യനെല്ലി സ്ത്രീപീഡന കഥകള്‍ കൂടി വീണ്ടും ചര്‍ച്ചയില്‍ വരുന്നത് കോണ്‍ഗ്രസിന് കനത്ത ആഘാതമുണ്ടാക്കും എന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.
തിരുവല്ല സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുവാന്‍ ശ്രമിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും എന്ന് ജോസഫ് വിഭാഗവും പ്രചരിപ്പിക്കുന്നുണ്ട്. കേരളാ കോണ്‍ഗ്രസിന് അണികള്‍ കാര്യമായി ഇല്ലാത്ത റാന്നി മണ്ഡലം നല്‍കുന്നതിലൂടെ കനത്ത പരാജയമായിരിക്കും ജോസഫ് ഗ്രൂപ്പിന് ഉണ്ടാകുക എന്ന ഭയമാണ് ഈ നീക്കത്തിന് പിന്നിൽ.
എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലായി ബിജെപി യുടെ നേതൃത്വത്തിൽ എൻ ഡി എ ക്രമമായ വളര്‍ച്ചയാണ് തിരുവല്ല നിയോജക മണ്ഡലത്തിൽ നേടിയത്. ഇക്കുറി തിരുവല്ലയിൽ എൻ ഡി എ വിജയിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ മതം.















