ഒഡിഷ : നടൻ പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ ആഘോഷത്തിനിടെ തിയേറ്ററിൽ തീപിടുത്തം. ഒഡിഷയിലാണ് സംഭവം. ‘ദ രാജാസാബ്’ എന്ന ചിത്രത്തിന്റെ പ്രദർശനത്തിനിടെ ആരാധകർ പടക്കം പൊട്ടിച്ചു. ഇതാണ് തീപിടുത്തത്തിന് കാരണമായത്.
പ്രഭാസിന്റെ പുതിയ ഹൊറർ- ഫാന്റസി ചിത്രമാണ് ‘ദ രാജാസാബ്’. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്ത സിനിമയിൽ പ്രധാനകഥാപാത്രങ്ങളായി മാളവിക മോഹനൻ, നിധി അഗർവാൾ, റിദ്ധി കുമാർ ,സെറീന വഹാബ്, സഞ്ജയ് ദത്ത് എന്നിവരാണ് ഉള്ളത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിനിമ തിയേറ്ററിൽ പ്രദർശനമാരംഭിച്ചത്. റായഗദ്ദ അശോക ടാക്കീസിലെത്തിയ ആരാധകർ പ്രഭാസിനെ ആരതി ഉഴിയാനുള്ള താലം കൈയിൽ കരുതിയിരുന്നു. ഷോ തുടങ്ങി സിനിമയിലെ പ്രഭാസിന്റെ എൻട്രി സീനിൽ സ്‌ക്രീനിന്റെ തൊട്ടുമുമ്പിൽ ആരാധകർ പടക്കം പൊട്ടിച്ചു. ഇതിൽ നിന്നാണ് തീയറ്ററിൽ തീപിടുത്തമുണ്ടായത്. ഉടനെത്തന്നെ ആളുകൾ തീ കെടുത്താൻ ശ്രമിച്ചു. ആളപായമില്ല .















