കൊച്ചി: ആക്‌ഷൻ ഹീറോ ബിജു ’ സിനിമയുമായി ബന്ധപ്പെട്ട് നടൻ നിവിൻ പോളിയെ വ്യാജ കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ നിർമാതാവ് പി.എസ്. ഷംനാസിനെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കോടതി വൈക്കം കോടതിയുടേതാണ് നടപടി. ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ആക്‌ഷൻ ഹീറോ ബിജു രണ്ടാം ഭാഗത്തിൽ നിർമ്മാണ പങ്കാളിയാക്കാം എന്നുപറഞ്ഞ് തന്നെ വഞ്ചിച്ചുവെന്നും , വിതരണ അവകാശം മറ്റൊരാൾക്ക് നൽകിയെന്നും ചൂണ്ടിക്കാട്ടിയുള്ള ഷംനാസിന്റെ പരാതിയിൽ നിവിൻ പോളി, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർക്കെതിരെ കഴിഞ്ഞ ജുലൈയിൽ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തിരുന്നു. ഒരുകോടി 95 ലക്ഷം രൂപ വാങ്ങിയെന്നാണ് എഫ്ഐആറിൽ പറിഞ്ഞിരുന്നത്.
ഈ പരാതി നൽകാൻ ഷംനാസ് വ്യാജരേഖകൾ തയ്യാറാക്കിയെന്ന് കോടതി കണ്ടെത്തി. കോടതിയിൽ വ്യാജ രേഖയും വ്യാജ സത്യവാങ്മൂലവും നൽകിയതിനും കോടതിയിൽ നിന്ന് വിവരങ്ങൾ മറച്ചുവച്ചതിനുമാണ് ഷംനാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിഎൻഎസ് നിയമത്തിലെ 229, 236, 237 വകുപ്പുകളാണ് പി.എസ് ഷംനാസിനെതിരെ ചുമത്തിയിരിക്കുന്നത്.
വ്യാജ തെളിവുകൾ നൽകുന്നത് കോടതിയെ കബളിപ്പിക്കലാണെന്ന് മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി. കോടതിതല അന്വേഷണം നടത്തിയ ശേഷമാണ് കേസെടുത്തിരിക്കുന്നത്. മഹാവീര്യർ ചിത്രത്തിന്റെ സഹനിർമ്മാതാവാണ് പി എസ് ഷംനാസ്.















