ന്യൂഡൽഹി: കബഡി താരം റാണ ബാലചൗരിയയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഗുണ്ടാതലവൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ന്യൂ ചണ്ഡീഗഢിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപമാണ് സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ മുഖ്യപ്രതിയായ കരൺ പഥക് (23) ആണ് കൊല്ലപ്പെട്ടത്.
ഇക്കഴിഞ്ഞ ഡിസംബർ 15 ന് മൊഹാലിയിൽ നടന്ന കബഡി ടൂർണമെന്റിനിടെയാണ് റാണ ബാലചൗരിയയെ അക്രമികൾ വെടിവച്ചു കൊന്നത്. കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിൽ വെച്ചാണ് കരണു കൂട്ടാളികളും അറസ്റ്റിലായത്. സുരക്ഷാ കാരണങ്ങളാൽ സിഐഎ ഓഫീസിലായിരുന്നു പ്രതികളെ പാർപ്പിച്ചിരുന്നത്. രാത്രി കരൺ അസ്വസ്ഥതകൾ പ്രകടിപ്പിച്ചു. തുടർന്ന് ആശുപത്രിയിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കരൺ രക്ഷപ്പെടുകയായിരുന്നു
പൊലീസ് തെരച്ചിൽ നടത്തുന്നതിനിടെ പ്രതി മുള്ളൻപൂരിൽ ഒളിച്ചിരിക്കുന്നതെന്ന വിവരം പൊലീസിന് ലഭിച്ചു. ഇവിടെ എത്തി പിടികൂടുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
വിദേശത്ത് താമസിക്കുന്ന കുപ്രസിദ്ധ ഗുണ്ടകളായ ബൽവീന്ദർ സിംഗ് എന്ന ഡോണി ബാൽ, അമർജിത് സിംഗ് എന്ന ഖബ്ബ എന്നിവരുടെ നിർദ്ദേശപ്രകാരമാണ് കരൺ പ്രവർത്തിച്ചിരുന്നതെന്ന് എസ്എസ്പി ഹർമൻദീപ് പറഞ്ഞു. അമൃത്സറിലെ നിമൽ മാണ്ടി സ്വദേശിയാണ് ഇയാൾ.















