പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ റിമാൻഡിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പത്തനംതിട്ട ജില്ലാ സെഷൻസ് ജനുവരി 22-ലേക്ക് മാറ്റി.ഇന്നായിരുന്നു കേസ് ലിസ്റ്റ് ചെയ്തിരുന്നത്. നേരത്തെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് എംഎൽഎ സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയത്. ജനുവരി 11-നാണ് കാനഡയിലുള്ള എൻആർഐ യുവതിയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതിക്കെതിരെ ബലാത്സംഗക്കുറ്റം നിലനിൽക്കുന്നതിനാവശ്യമായ പ്രാഥമിക തെളിവുകളുണ്ടെന്ന് മജിസ്‌ട്രേറ്റ് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.പ്രതി ഒരു ജനപ്രതിനിധിയാണെന്നും പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം മജിസ്‌ട്രേറ്റ് കോടതി ശരിവെച്ചിരുന്നു. അതിജീവിതയുമായുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു, തന്നെ കേസിൽ മനഃപൂർവ്വം കുടുക്കിയതാണെന്നുമാണ് രാഹുൽ ജാമ്യാപേക്ഷയിൽ പറയുന്നത്.
നിലവിൽ രണ്ട് ബലാത്സംഗക്കേസുകൾ കൂടി രാഹുലിനെതിരെ നിലവിലുണ്ട്. ഈ കേസുകളിൽ മുൻകൂർ ജാമ്യവും ഇടക്കാല സംരക്ഷണവും നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് മൂന്നാമത്തെ പരാതി ലഭിക്കുന്നതും, ക്രൈംബ്രാഞ്ച് എംഎൽഎയെ അറസ്റ്റ് ചെയ്യുന്നതും. നിലവിൽ രാഹുൽ മാങ്കൂട്ടത്തിൽ മാവേലിക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.















