പാലക്കാട്: മഹാമാഘ മഹോത്സവത്തോട് അനുബന്ധിച്ചുള്ള രഥയാത്ര പാലക്കാട് കല്പാത്തിയിൽ നിന്ന് ആരംഭിച്ചു. തമിഴ്‌നാട്ടിൽ സ്റ്റാലിൻ സർക്കാർ അനുമതി നിഷേധിച്ച രഥയാത്രയ്‌ക്കാണ് തുടക്കമായത്. മഹാമാഘ മഹോത്സവം 2026ന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന രഥയാത്ര, ശ്രീചക്ര മഹാമേരു പ്രതിഷ്ഠ വഹിച്ചുകൊണ്ടാണ് മുന്നേറുന്നത്.
തമിഴ്‌നാട്ടിലെ ഉദുമൽപേട്ടിന് സമീപമുള്ള ത്രിമൂർത്തി മലയിലെ ഭാരതപ്പുഴയുടെ ഉദ്ഭവസ്ഥാനത്തിൽ നിന്ന് ആരംഭിക്കാനായിരുന്നു യാത്രയുടെ ആദ്യ പദ്ധതി. എന്നാൽ അവസാന നിമിഷം ഡിഎംകെ സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു.
നദിയുടെ ആത്മീയവും സാംസ്‌കാരികവുമായ തുടർച്ചയെ പ്രതിനിധീകരിക്കുന്നതാണ് യാത്ര. ഇന്ന് രഥയാത്ര വടക്കന്തറ, യക്കര, കൊടുന്തിരപ്പുള്ളി അഗ്രഹാരം, അണിക്കോട് ആശ്രമം, മംഗര, പാമ്പാടി സോമേശ്വരം, തിരുവില്ല്വാമല, കുത്തമ്പുള്ളി എന്നിവിടങ്ങളിലൂടെ കടന്നുപോകും. അവസാന ദിനമായ ജനുവരി 22ന് ശ്രീ ചിന്നക്കത്തൂർ, വാണിയംകുളം, കുളപ്പുള്ളി പരക്കുട്ടിക്കാവ്, പട്ടാമ്പി, തൃത്താല, കുട്ടിപ്പുറം എന്നീ പ്രദേശങ്ങൾ വഴിയാണ് രഥയാത്ര തിരുനാവായയിൽ എത്തിച്ചേരുക















