കൊല്ലം: ‘തുളസിക്കതിർ നുള്ളിയെടുത്ത് ‘ എന്ന് തുടങ്ങുന്ന ശ്രീകൃഷ്ണ ഭക്തിഗാനത്തിന്റെ രചയിതാവ് സഹദേവൻ പട്ടശേരിൽ അന്തരിച്ചു. 89 വയസായിരുന്നു. കരുനാഗപ്പള്ളി തൊടിയൂർ ഇടക്കുളങ്ങര സ്വദേശിയാണ്. വാർദ്ധക്യ സഹജമായ അസുഖങ്ങൾ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് രാത്രി 8.30 ന് നടക്കും.
മരം കയറ്റത്തൊഴിലാളിയാണ് സഹദേവൻ. മുപ്പതു വർഷങ്ങൾക്ക് മുൻപാണ് ‘തുളസിക്കതിർ നുള്ളിയെടുത്തു’ എന്ന് തുടങ്ങുന്ന ഗാനം സഹദേവൻ ഡയറിയിൽ കുറിച്ചത്. പാട്ട് പ്രശസ്തി നേടുകയും ഗാനമേളകളിലൂടെ ലക്ഷങ്ങൾ ഏറ്റുപാടുകയും ചെയ്തെങ്കിലും രചയിതാവ് ആരാണെന്ന് എന്ന് പുറംലോകം അറിഞ്ഞിരുന്നില്ല. ഒടുവിൽ 2020 ലെ ശ്രീകൃഷ്ണ ജയന്തി കാലത്താണ് രചയിതാവിനെ ലോകമറിഞ്ഞത്.















