കണ്ണൂർ: വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം ഇറക്കും മുൻപ് കണക്ക് അവതരിപ്പിക്കാൻ മനസ്സില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പാർട്ടി പുറത്താക്കിയ കുഞ്ഞികൃഷ്ണനെ മഹത്വവത്കരിക്കാൻ കഴിയില്ല. പാർട്ടിയെ വെല്ലുവിളിക്കാൻ കുഞ്ഞികൃഷ്ണൻ ആരാണ്. തോന്ന്യവാസങ്ങൾ പുസ്തകത്തിൽ എഴുതിവച്ചാൽ കേസ് കൊടുക്കുമെന്നും എം. വി ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം എൽഡിഎഫ് വടക്കൻ മേഖല ജാഥയുടെ പയ്യന്നൂരിലെ പരിപാടിയിലും പി. കുഞ്ഞികൃഷ്ണനെതിരെ എം. വി ഗോവിന്ദൻ ആഞ്ഞടിച്ചിരുന്നു. ചിലർ ബൂർഷ്വാ മാധ്യമങ്ങളുമായി കുഞ്ഞികൃഷ്ണൻ ചേർന്ന് പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നു. അവരോടു പറയാൻ ഉള്ളത് പയ്യന്നൂർ ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. പാർട്ടിക്കകത്ത് ചർച്ച ചെയ്തു തീരുമാനിച്ച കാര്യങ്ങൾ ആണ് വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തിയത്. കുഞ്ഞികൃഷ്ണൻ എന്തോ മുൻകൈ നേടിയെന്ന തോന്നലിൽ ആണ് മുന്നോട്ട് പോകുന്നത്. എല്ലാ കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികളുടെ കോടാലി കയ്യുടെയും സ്ഥാനം ചവറ്റു കൊട്ടയിൽ ആണ്. കുഞ്ഞികൃഷ്ണന്റെ അവസ്ഥയും അതായിരിക്കും. കുഞ്ഞികൃഷ്ണനെ ഉപയോഗിച്ച് പാർട്ടിയെ തോൽപ്പിക്കാമെന്ന് കരുതണ്ടെന്നുമായിരുന്നു ഗോവിന്ദൻ വാക്കുകൾ.
അതേസമയം, പയ്യന്നൂരിൽ എം വി ഗോവിന്ദന്റെ പ്രസംഗം കേൾക്കാനാളില്ലാത്തതും ഒഴിഞ്ഞ കസേരകളും പാർട്ടിക്കകത്ത് തന്നെ വലിയ ചർച്ചയായി. 50 ൽ താഴെ ആളുകൾ മാത്രമാണ് പ്രസംഗം കേൾക്കാനുണ്ടായിരുന്നത്.















