മുംബൈ: പ്രമുഖ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനും സീഗള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സുരേഷ്‌കുമാര്‍ മധുസൂദനനെ ബ്രിക്‌സ് ബിസിനസ് കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. സ്‌കില്‍സ് ആഡ് വാന്‍സ്ഡ് ടെക്‌നോളജി ആന്‍ഡ് ഇന്നോവേഷന്‍ വര്‍ക്കിങ് ഗ്രൂപ്പിലേക്കാണ് നാമനിര്‍ദ്ദേശം. ഇന്ത്യയാണ് ഇത്തവണ ബ്രിക്‌സിന്റെ അദ്ധ്യക്ഷ സ്ഥാനം വഹിക്കുന്നത്. ഇന്ത്യയ്‌ക്ക് പുറമെ റഷ്യ,ചൈന,ബ്രസീല്‍, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളും ബ്രിക്‌സിലുണ്ട്. യു.എ.ഇ,എത്യോപ്യ, ഈജിപ്ത് എന്നി അംഗരാജ്യങ്ങളും ഈ ബിസിനസ് കൗണ്‍സിലില്‍ അംഗങ്ങളാണ്.
നൈപുണ്യ വികസനം, ഭാവി തൊഴില്‍ ശക്തി, ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍, നവീനാശയങ്ങള്‍ നയിക്കുന്ന സാമ്പത്തിക വളര്‍ച്ച എന്നീ മേഖലകളില്‍ ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിലാണ് പ്രവര്‍ത്തക സംഘം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ബ്രിക്‌സ് ഇന്ത്യ ചാപ്റ്റര്‍ ചെയര്‍മാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഗ്രൂപ്പ് പ്രസിഡണ്ട് ബിജയ് സാഹുവാണ്. ഐ.ഐ.ടി റൂര്‍ക്കിയിലെ മെക്കാനിക്കല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിംഗ് വിഭാഗം മേധാവി പ്രൊഫ്. അക്ഷയ് ദ്വിവേദിയാണ് സഹ ചെയര്‍മാന്‍
നാസ്‌കോമിലെ ഡോ. അഭിലാഷ ഗൗര്‍, ആമസോണ്‍ വെബ്ബ് സര്‍വ്വീസ് മേധാവി അഭിനവ് ബാനര്‍ജി, അദാനി സ്‌കില്‍ ആന്‍ഡ് എജ്യുക്കേഷന്‍ സി.ഇ.ഒ റോബിന്‍ ഭൗമിക്, ലിങ്കിഡ്ഇന്നിലെ ഡയറക്ടര്‍ ആദിതി ഝാ, നാംടെക് ഡയറക്ടര്‍ ജനറല്‍ ഇബ്രാഹിം ഹഫീസുര്‍ റഹ്‌മാന്‍, ഫിക്കി എജ്യുക്കേഷന്‍ ആന്‍ഡ് സ്‌കില്‍സ് മേധാവി ഡോ. രാജേഷ് പങ്കജ്, ഫിക്കി സ്‌കില്‍സ് ജോയിന്റ് ഡയറക്ടര്‍ ദീപ്തി സിംഗ് എന്നിവരാണ് മറ്റ് അംഗങ്ങള്‍.
ആഗോള തൊഴില്‍ശക്തിയുടെയും നവീകരണ ആവാസവ്യവസ്ഥയുടെയും ഭാവിക്കായി സഹകരണ സംരംഭങ്ങള്‍ രൂപപ്പെടുത്തും.ഇതിനായി ബ്രിക്‌സ്, പങ്കാളി രാജ്യങ്ങളില്‍ നിന്നുള്ള നയരൂപീകരണക്കാര്‍, വ്യവസായ പ്രമുഖര്‍, നൈപുണ്യ വിദഗ്ധര്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവരാനും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനുമാണ് ഈ സമിതി പ്രവര്‍ത്തിക്കുന്നത്.
ബ്രിക്‌സ് ബിസിനസ് കൗണ്‍സിലിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ ബഹുമതിയാണെന്ന് ഡോ. സുരേഷ്‌കുമാര്‍ മധുസൂദനന്‍ പറഞ്ഞു. മാനവ മൂലധന വികസനത്തില്‍ ആഗോള നേതൃത്വത്തെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം നൈപുണ്യ വികസനം, തൊഴില്‍ ശക്തിയുടെ ചലനാത്മകത, ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ എന്നിവയില്‍ അന്താരാഷ്‌ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കാനുള്ള മഹനീയ അവസരം ഈ വേദി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.















