മലപ്പുറം: ചെമ്മാട് ഉള്ളിച്ചാക്കിന്റെ മറവിൽ സ്ഫോടക വസ്തു പിടികൂടിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. സജി എന്ന മുഹമ്മദ് സലീം, ഡ്രൈവർ അനിൽ കുമാർ എന്നിവരാണ് പിടിയിലായത്. കണ്ണൂരിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്.
സജി എന്ന മുഹമ്മദ് സലീം വ്യാജ മേൽവിലാസം ഉണ്ടാക്കിയാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്. ഇയാൾക്കെതിരെ വേറെയും കേസുകൾ നിലവിലുണ്ട്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ എത്തിച്ചതെന്നാണ് കണ്ടെത്തൽ. കൂടുതൽ പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ ഞായറാഴ്ചയാണ് ചെമ്മാട്- കോഴിക്കോട് റോഡിൽ ഫർഹ ഹോളോ ബ്രിക്സ് കമ്പനിക്കുള്ളിൽ സൂക്ഷിച്ചിരുന്ന ലോറിയിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. ഉള്ളി ചാക്കുകൾക്കുള്ളിൽ പെട്ടികളിലാക്കി സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു സ്ഫോടകവസ്തുക്കൾ. പരിശോധനയിൽ ജലറ്റിൻ സ്റ്റിക്കിന് പകരം ഉപയോഗിക്കുന്ന നോനൽ, സ്റ്റിക് എന്നിവയാണ് പിടികൂടിയത്. ജലറ്റിൻ സ്റ്റിക്ക് രാജ്യത്ത് നിരോധിച്ചതിനാൽ പകരം ഉപയോഗിക്കുന്നതാണിത് നോനൽ . നോനൽ 35 പെട്ടികളിലായി 10,500 എണ്ണവും സ്റ്റിക്ക് 448 പെട്ടികളിലായി 89,600 എണ്ണവും ആണ് ഉണ്ടായിരുന്നത്. ക്വാറിയിൽ പാറ പൊട്ടിക്കാനാണ് അനധികൃതമായി ഇവയെത്തിച്ചത് എന്നാണ് പറയുന്നത്.















