കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റ് യാഥാർഥ്യമായതിന് കേന്ദ്രസർക്കാരിനും ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും പ്രത്യേകം നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബ്രഹ്മപുരത്തെ മാലിന്യപ്രശ്നം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തൃശൂർ സന്ദർശന വേളയിൽ ഉന്നയിച്ചിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര സർക്കാറിന് കീഴിലുള്ള സംവിധാനമാണ് പ്ലാന്റ് യാഥാർഥ്യമാക്കിയത്.
മുഖ്യമന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റെയും ശ്രമങ്ങൾ തള്ളിപ്പറയുകയല്ല. രാഷ്‌ട്രീയ ദുഷ്ടലാക്ക് കൊണ്ട് പലരും കേന്ദ്ര ശ്രമത്തെ അവഗണിക്കുന്നു. മന്ത്രി എം ബി രാജേഷിന് കേന്ദ്ര ഇടപെടൽ അറിയില്ല. 135 പ്ലാന്റുകൾ രാജ്യത്ത് കമ്മീഷൻ ചെയ്തു കഴിഞ്ഞു. കേരളത്തിൽ അത് ഇന്ന് കമ്മീഷൻ ചെയ്യുന്നു. അമിത് ഷാ യ്‌ക്ക് കൂടി നന്ദി പറയേണ്ടത് മലയാളി എന്ന നിലയിൽ എന്റെ കർത്തവ്യമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാരിന് കീഴിലുളള ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റ് നിർമിച്ചത്. മാലിന്യ സംസ്കരണ രംഗത്ത് പുത്തൻ മാതൃകയായ ആദ്യ കംപ്രസ്‌ഡ് ബയോഗ്യാസ് (സിബിജി)പ്ലാന്റാണിത്. കൊച്ചി കോർപ്പറേഷൻ പരിധിയിലെ 150 ടൺ ജൈവമാലിന്യം ദിവസേന എത്തിച്ച് 5600 കിലോ ഗ്യാസും 28 ടണ്ണോളം ജൈവവളവും ഇവിടെ ഉൽപ്പാദിപ്പിക്കും. ബയോ ഗ്യാസ് ഭാരത് പെട്രോളിയം കോർപ്പറേഷനിൽ പൈപ്പ് ലൈനിലൂടെ എത്തും. ജൈവവളം ഫാക്ടും ഏറ്റെടുക്കും. ബിപിസിഎല്ലിൽ ഹൈഡ്രജൻ ഉൽപ്പാദനത്തിനുള്ള ഇന്ധനമായാണ് സിബിജി ഉപയോഗിക്കുക.















