ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയെ വധിച്ചെന്ന് ഡോണൾഡ് ട്രംപ്. ചരിത്രത്തിലെ ഏറ്റവും വലിയ ചെകുത്താൻ ആയത്തൊള്ള ഖമേനിയെ വധിച്ചെന്ന് ട്രംപിന്റെ പ്രസ്താവന. ഖമേനിയുടെ മകളും മരുമകനും കൊച്ചുമകനും കൊല്ലപ്പെട്ടതായി ഇറാൻ വാര്‍ത്താ ഏജൻസികൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാൻ സേനയിലെ ഏഴ് ഉദ്യോഗസ്ഥരെ വധിച്ചതായി ഇസ്രയേൽ പ്രതിരോധ സേനയും അറിയിച്ചു. ഇസ്രായേൽ- യുഎസ് സംയുക്ത സൈനിക ഓപ്പറേഷനിലാണ് ഖമനേയിയും സംഘവും കൊല്ലപ്പെട്ടത്. ട്രംപിനും നെതന്യാഹുവിനും ഖമേനിയുടെ മൃതദേഹത്തിന്റെ ചിത്രം കണ്ടതായി ഇസ്രായേൽ മാധ്യമങ്ങളും അവകാശപ്പെട്ടു.
ഇറാൻ പ്രതിരോധമന്ത്രി കൊല്ലപ്പെട്ടതായും വിവരമുണ്ട്. അതേസമയം സംഘര്‍ഷം ഒഴിവാക്കണമെന്ന് യുഎൻ സുരക്ഷാ കൗൺസിൽ യോഗം. ഗൾഫ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി എസ്. ജയ്ശങ്കര്‍ ഫോണിൽ സംസാരിച്ചു. ഓപ്പറേഷൻ റോറിംഗ് ലയണിനെ പിന്തുണച്ച് ന്യൂസിലൻഡും രംഗത്തെത്തി.
അതേസമയം, ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രസ്താവനയും പുറത്തുവന്നിട്ടുണ്ട്. ഇറാന് സായുധ സേനയുടെ പുതിയ കമാഡർ ഇൻ ചീഫായി ബ്രിഗേഡിയർ അഹമ്മദ് വാഹിദിയെ നിയമിച്ചു. അമേരിക്കയ്‌ക്കും ഇസ്രായേലിനുമെതിരായ ഏറ്റവും വിനാശകരമായ ആക്രമണം ആരംഭിക്കുമെന്ന് ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് വൃത്തങ്ങൾ പറഞ്ഞു.















