കൊച്ചി: അങ്കമാലിയിൽ കാറിടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പ്രതി ഡോ.സിറിയക്ക് പിടിയിൽ. വാഗമണ്ണിലെ റിസോർട്ടിൽ നിന്നുമാണ് ഇയാൾ പിടിയിലായത്. . പോലീസ് എത്തിയതിനെ തുടർന്ന് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. സിറിയക്കിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
അപകടം നടന്നു ദിവസങ്ങൾ കഴിഞ്ഞിട്ടും ഡോ. സിറിയക്കിനെ പിടികൂടാത്തതില്‍ പോലീസിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിന് സിറിയക്കിന്റെ അച്ഛൻ ജോർജ് മാത്യുവിനെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിറിയക് കോട്ടയം സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്നു പരിഗണിച്ചേക്കും.
ഫെബ്രുവരി 28-ാം തീയതിയാണ് ജാസ്‌ലിയയുടെ ജീവനെടുത്ത അപകടമുണ്ടായത്. അങ്കമാലി മോർണിങ് സ്റ്റാർ കോളേജിലെ രണ്ടാംവർഷ ബി.കോം. വിദ്യാർഥിനിയാണ് ജാസ്‌ലിയ. അങ്കമാലിയിലെ പിസാ ഷോപ്പിൽ പാർട്ട്‌ടൈമായി ജോലി ചെയ്തായിരുന്നു പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്.
ജോലി കഴിഞ്ഞ് മടങ്ങവേയാണ് കാർ ഇടിച്ച് തെറിപ്പിച്ചത്. തലയ്‌ക്ക് ഗുരുതര പരിക്കേറ്റ ജാസ്‌ലിയയെ ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലിക്കെ ചൊവ്വാഴ്ചയാണ് മരണമടഞ്ഞത്. ജസ്ലിയയുടെ അവയവങ്ങൾ ദാനംചെയ്തിരുന്നു.
ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതിനെതിരെ ജാസ്‌ലിയയുടെ കുടുംബം രംഗത്തെത്തിയിരുന്നു. പ്രതി വലിയവൻ ആയതിനാലാണോ പൊലീസ് പിടികൂടാത്തതെന്നും സാധാരണക്കാരന്റെ സ്വപ്നങ്ങൾക്ക് വിലയില്ലേയെന്നും ജസ്ലിയയുടെ അമ്മ ലീമ ചോദിച്ചിരുന്നു. അവയവദാനം നടന്നത് വാർത്തയായതിനാലാണ് പോലീസ് അന്വേഷണത്തിന് നിർബന്ധിതരായതെന്നും അല്ലെങ്കിൽ മറ്റൊരു അപകടമരണമായി മാഞ്ഞു പോയേനെയെന്നും കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു.















