ഷൊർണൂർ: മുഖ്യമന്ത്രിയും സർക്കാർ പ്രതിനിധികളും ബഹിഷ്കരിച്ച പ്രധാനമന്ത്രിയുടെ പരിപാടിയിൽ ഷൊർണൂർ എംഎൽഎ പങ്കെടുത്തത് ചർച്ചയാകുന്നു. ഷൊർണൂർ എംഎൽഎ പി.മമ്മിക്കുട്ടിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പങ്കെടുത്തത്
ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന പരിപാടിയിലാണ് എംഎൽഎ പങ്കെടുത്തത്. നവീകരിച്ച ഷൊർണൂർ റെയിൽവേ സ്റ്റേഷൻ അടക്കമുള്ള വിവിധ ഉദ്‌ഘാടനങ്ങൾ പ്രധാനമന്ത്രി ഇന്ന് എറണാകുളത്ത് നടന്ന പരിപാടിയിൽ നിർവഹിച്ചിരുന്നു. ഈ പരിപാടിയിലാണ് മുഹമ്മദ് റിയാസിനെ ക്ഷണിച്ചില്ല എന്ന പേരിൽ മുഖ്യമന്ത്രിയും സർക്കാർ പ്രതിനിധികളും വിട്ടുനിന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ പ്രോഗ്രാം ബഹിഷ്കരിച്ച മുഖ്യമന്ത്രിയെ നാണം കെടുത്തി ഷൊർണുർ MLA ഷൊർണുർ റെയിൽവേ സ്റ്റേഷൻ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തത് സ്വാഗതം ചെയ്യുന്നതായി ബിജെപി പാലക്കാട് വെസ്റ്റ് ജില്ല പ്രസിഡന്റ് പി. വേണുഗോപാലൻ പറഞ്ഞു
മരുമകനെ ക്ഷണിക്കാത്തത്തിന്റെ പേരിൽ മുഖ്യമന്ത്രി പ്രോഗ്രാം ബഹിഷ്കരിച്ചത് അത്ര വലിയ കാര്യമല്ല. കേന്ദ്ര ഫണ്ട് ഉപയോഗിച്ച് ചാലിശ്ശേരിയിൽ കുടുംബശ്രീ സമ്മേളനം സംഘടിപ്പിച്ച എംബി രാജേഷ് പ്രധാന മന്ത്രിയുടെ ഫോട്ടോ വേദിയിലോ പ്രചാരണത്തിലോ വച്ചില്ല.
തൊട്ടടുത്ത ജില്ലയിലെ എം എൽ എ മാരെയും എംപി മാരെയും ക്ഷണിച്ചപ്പോൾ തൃശൂർ എംപി സുരേഷ് ഗോപിയെ ഒഴിവാക്കി. സംസ്ഥാന സർക്കാർ കേന്ദ്ര ഫണ്ട് ഉപയോഗിച്ച് തുടങ്ങുന്ന പദ്ധതികളുടെ ഉൽഘാടനങ്ങളിൽ കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാരെയും ബിജെപി പ്രതിനിധികളെയും ഒഴിവാക്കുക സ്ഥിരം പരിപാടിയാണ്.
ആധാർ കാർഡ് പോലും സെക്യൂരിറ്റി ഓഫീസർ മാർക്ക് കാണിക്കാൻ സാധ്യമല്ല എന്ന രാജേഷിന്റെ പ്രസ്താവന അഹങ്കാരത്തിന്റെ പ്രതിഫലനമാണ്. ജില്ലയിലെ മന്ത്രിമാരായ എംബി രാജേഷും കൃഷ്ണൻകുട്ടിയും, പരിപാടി ബഹിഷ്കരിച്ചപ്പോൾ മമ്മിക്കുട്ടി എം എൽ എ പ്രോഗ്രാമിൽ എത്തിയത് മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണോ എന്നറിയാൻ താല്പര്യമുണ്ട്” ബിജെപി പാലക്കാട് വെസ്റ്റ് ജില്ല പ്രസിഡന്റ് പി. വേണുഗോപാലൻ പറഞ്ഞു.















