കോഴിക്കോട് : കോഴിക്കോട് സ്കൂട്ടർ ഓടയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. മൂന്ന് എംബിബിഎസ് വിദ്യാർഥികളാണ് മരിച്ചത്.കൊയിലാണ്ടി കുറുവങ്ങാടാണ് അപകടമുണ്ടായത്.
ഉള്ള്യേരി മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജിലെ അവസാന വർഷ വിദ്യാർഥി കൊല്ലം കരുനാഗപ്പള്ളി സ്വദേശി നന്ദകിഷോർ(22), ഒന്നാം വർഷ വിദ്യാർഥികളായ കായകുളം കീരിക്കാട് സൗത്ത് ചേമത്തറയിൽ സ്വദേശി അഭിയാൻ റഹ്മാൻ(19), പാലക്കാട് അലനല്ലൂർ ചൊക്കത്ത് കളത്തിൽ അഭിനവ് സുരേഷ്(19) എന്നിവരാണ് മരിച്ചത്. മൂന്ന് പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. പുലർച്ചെ രണ്ടരയോടെയാണ് അപകടം ഉണ്ടായത്.
ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട് .ഉള്ള്യേരി ഭാഗത്ത് നിന്ന് കൊയിലാണ്ടി ഭാഗത്തേക്കാണ് സ്കൂട്ടർ പോയത്. അമിത വേഗത്തിലെത്തിയ സ്കൂട്ടറിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട് . സംഭവത്തിൽ പൊലീസ് കേസെടുത്തു.















