തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് വിധി. ബംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസിലായിരുന്നു കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചത്. ഇത് റദ്ദാക്കണമെന്ന ഹർജിയിൽ കോടതി ഇന്ന് വിധി പറയും. ജാമ്യവ്യവസ്ഥകൾ ലംഘിച്ച് പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ ഹർജി നൽകിയത്. ഇതിലാണ് കോടതി വിധി പ്രസ്താവിക്കുന്നത്.
പരാതിക്കാരിയെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാൻ ശ്രമിക്കരുത്, അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണം തുടങ്ങിയ കർശന ഉപാധികളോടെയാണ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ ഫെബ്രുവരി 17-ന് രാഹുൽ മാങ്കൂട്ടത്തിൽ വാട്സ്ആപ്പ് കോളിലൂടെ തന്നെ ബന്ധപ്പെടാൻ ശ്രമിച്ചതായി യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഇതോടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നൽകിയ കർശന നിർദ്ദേശങ്ങൾ ലംഘിച്ച് പ്രതി പരാതിക്കാരിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. പ്രതി പുറത്തുനിൽക്കുന്നത് അന്വേഷണത്തെ ബാധിക്കും സാക്ഷികളെ സ്വാധീനിക്കാനും ഇടയുണ്ടെന്നു പ്രോസിക്യൂഷൻ വാദിക്കുന്നു.
പ്രതി രാഹുൽ നടത്തിയ വാട്സ്ആപ്പ് കോൾ സംബന്ധിച്ച വിവരങ്ങൾ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ തനിക്കെതിരെയുള്ള നീക്കങ്ങൾ രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം.















