കൊല്ലം: കേരള മനസാക്ഷിയെ നടുക്കിയ ഡോ. വന്ദന ദാസ് കൊലക്കേസിൽ ശിക്ഷാവിധിക്ക് മുൻപായി കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ നടന്നത് നാടകീയമായ വാദപ്രതിവാദങ്ങൾ.
2023 മെയ് 10-ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഡോ. വന്ദന ദാസിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി മാർച്ച് 17-ന് കണ്ടെത്തിയിരുന്നു. കുറ്റക്കാരനായ സന്ദീപിനുള്ള ശിക്ഷാവിധി ഇന്ന് പ്രസ്താവിക്കുമെന്നാണ് നേരത്തെ കോടതി അറിയിച്ചിരുന്നത്. എന്നാൽ കോടതിയിൽ നടന്ന നാടകീയമായ വാദപ്രതിവാദങ്ങൾക്കും പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദങ്ങൾക്കും ഒടുവിൽ വിധി പറയുന്നത് രണ്ട് ദിവസത്തേക്ക് കൂടി മാറ്റിവെച്ചു.
കേസിനെ ‘അപൂർവ്വങ്ങളിൽ അപൂർവ്വമായ’ ഗണത്തിൽ ഉൾപ്പെടുത്തണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതി സന്ദീപിന് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ ആവർത്തിച്ചു ആവശ്യപ്പെട്ടപ്പോൾ, താൻ ചെയ്തത് എന്താണെന്ന് തനിക്കറിയില്ലെന്നും പ്രായശ്ചിത്തത്തിന് തയ്യാറാണെന്നും സന്ദീപ് കോടതിയിൽ പറഞ്ഞു.
സന്ദീപ് ഒരു സ്ഥിരം കുറ്റവാളിയല്ലെന്നും മുൻപ് കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട അധ്യാപകനായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു. ഡോക്ടറെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയതല്ലെന്നും അപ്പോഴത്തെ മാനസികനില തെറ്റിയ അവസ്ഥയിൽ സംഭവിച്ചുപോയതാണെന്നും വധശിക്ഷ നൽകരുതെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയോട് അഭ്യർത്ഥിച്ചു.















